പാചക വാതകപ്രതിസന്ധി: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ പാചക വാതകപ്രതിസന്ധിയില്‍ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് 5.30ന് ഓണ്‍ലൈനായാണ് യോഗം നടക്കുക.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്താകെയുണ്ടായ പാചകവാകത പ്രതിസന്ധിയെ വളരെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ ദൗര്‍ലഭ്യം മൂലം സംസ്ഥാനത്തേയും പല ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയെത്തുകയാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ആശുപത്രിക്കും മറ്റും മുന്‍ഗണന നല്‍കാനും ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യേണ്ടെന്നും കമ്പനികള്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശവും നല്‍കിയതോടെ ഹോട്ടല്‍ മേഖലയില്‍ കടുത്ത അരക്ഷിതാവസ്ഥയും ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

പച്ചക്കറി, ഇറച്ചി, മുട്ട, മത്സ്യം, മറ്റ് പലചരക്ക് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്നവരും ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാരും ആശങ്കയിലാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഏത് തരത്തിലാണ് ഇടപെടലുകള്‍ നടത്തേണ്ടതെന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി സംസ്ഥാനം കേന്ദ്രത്തിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. വിവിധ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കും. പാചകവാതക സിലിണ്ടറുകളുടെ മതിയായ ലഭ്യത ഉറപ്പാക്കണം, പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കണം, ഇതിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം തുടങ്ങിയ ആവശ്യങ്ങളാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ മുന്നില്‍വച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*