ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പഴയകാല മാനുവല്‍ രേഖപ്പെടുത്തലുകള്‍ക്ക് പകരമായി ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായാണ് ഈ സംവിധാനമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു.

യാത്രക്കാരുടെ ലഗേജുകള്‍ സുരക്ഷിതമായും സുതാര്യമായും സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ ഈ നൂതന സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എറണാകുളം, ആലുവ, അങ്കമാലി, കോഴിക്കോട് എന്നീ ഒന്‍പത് പ്രധാന സ്റ്റേഷനുകളിലാണ് ഈ സേവനം ലഭ്യമാകുക. ഇതോടൊപ്പം തിരുവനന്തപുരത്ത് ജീവനക്കാര്‍ക്കായി സജ്ജീകരിച്ച ശീതീകരിച്ച വിശ്രമകേന്ദ്രവും മന്ത്രി നാടിന് സമര്‍പ്പിച്ചു.

സാധനങ്ങള്‍ മാറിപ്പോകാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതകള്‍ ഒഴിവാക്കി കൃത്യമായ ട്രാക്കിംഗ് ഉറപ്പാക്കുന്ന തരത്തിലാണ് ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനത്തിന്റെ പ്രവര്‍ത്തനം. സിസിടിവി നിരീക്ഷണം ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ ക്ലോക്ക് റൂമുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റ് ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*