കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടി നേരത്തെ പരിശോധിച്ച കാര്യം. കണക്ക് എഴുതുന്നതിനുള്ള ചില പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടായത് എന്നാണ് പാർട്ടി കണ്ടെത്തിയത്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന രീതി പാർട്ടിക്ക് ഇല്ലെന്നും എം എ ബേബി വ്യക്തമാക്കി.
കണ്ണൂര്‍ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ പ്രതികരിച്ചു. പാര്‍ട്ടി ഒരിക്കലും തെറ്റായ വഴിയിൽ പോകില്ലെന്നും രക്തസാക്ഷി ഫണ്ടിൽ നിന്ന് ഒരു നയാ പൈസ ദുരുപയോഗം ചെയ്തിട്ടില്ലെന്നും എംവി ജയരാജൻ പറഞ്ഞു.
ഇപ്പോള്‍ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണനൊപ്പം ഒരാളും ഉണ്ടാകില്ല. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തെ അശേഷം ഭയപ്പെടുന്നില്ല. വെളിപ്പെടുത്തൽ നടത്തിയതിൽ നടപടി ഉണ്ടാകുമെന്ന് വി കുഞ്ഞി കൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണ് പരസ്യപ്രസ്താവന. പാർട്ടിയെ തകർത്തുകൊണ്ട് തിരുത്തുക എന്നതാണ് കുഞ്ഞികൃഷ്ണന്‍റെ നിലപാട്.
നടപടിയെടുക്കുന്നതിൽ ഉചിതമായ തീരുമാനം പാർട്ടി ജില്ലാ കമ്മിറ്റിയെടുക്കും. കുഞ്ഞികൃഷ്ണൻ ശത്രുക്കളുടെ കോടാലിക്കൈ ആയി മാറി. മടിയിൽ കനമില്ലെന്നും ആരോപിച്ച വിഷയത്തിൽ നേരത്തെ നടപടിയെടുത്തതാണെന്നും എംവി ജയരാജൻ പറഞ്ഞു.



Be the first to comment