രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോണ്‍ഗ്രസ് നടപടി, ‘സിപിഐഎമ്മിലെ സമാന ആരോപണവിധേയര്‍ക്കെതിരെ സ്വീകരിക്കാനവര്‍ക്ക് ധൈര്യമുണ്ടോ?’; എം.എം. ഹസന്‍

സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് ജനാധിപത്യപരമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെടുത്ത മാതൃകാപരമായ നടപടിയെപ്പോലെ സിപിഎമ്മിന് അവരുടെ കൂട്ടത്തില്‍ സ്ത്രീവിരുദ്ധ ആരോപണങ്ങള്‍ നേരിടുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ധൈര്യമുണ്ടോയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ വെല്ലുവിളിച്ചു.

ഈ നടപടിയെ സ്വാഗതം ചെയ്യാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്ന സിപിഐഎമ്മിന് എന്ത് ധാര്‍മികതയാണ്? ഗുരുതരമായ സ്ത്രീവിരുദ്ധ ആക്ഷേപങ്ങളും ആരോപണങ്ങളും നേരിട്ടവര്‍ എല്‍.ഡി.എഫ്. മന്ത്രിസഭയിലും നിയമസഭയിലും സിപിഎമ്മിലെ ഉന്നതസ്ഥാനത്തുണ്ടെങ്കിലും അവര്‍ക്കെതിരെ എന്തെങ്കിലും നടപടി എടുത്തിട്ടുണ്ടോ? അത്തരം സ്ത്രീവിരുദ്ധര്‍ക്കെതിരെ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കാനോ പുറത്താക്കാനോ സിപിഎമ്മിന് തന്റേടമുണ്ടോയെന്നും എം.എം. ഹസന്‍ ചോദിച്ചു.

പരാതി ഉയര്‍ന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചു. കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായിട്ടാണ് കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്‌പെന്‍ഡ് ചെയ്തതാണ്. ഇത്തരം നടപടി സിപിഎമ്മിന് ചിന്തിക്കാന്‍ പോലും കഴിയില്ല. എല്ലാകാലത്തും കോണ്‍ഗ്രസിന്റേത് സ്ത്രീപക്ഷ നിലപാടാണ്. വേട്ടക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്നതാണ് സിപിഎമ്മിന്റെ ശൈലി. ആരോപണ വിധേയരെ അതിരുവിട്ട് സംരക്ഷിക്കുന്ന സിപിഎമ്മിന് കോണ്‍ഗ്രസിന്റെ ജനാധിപത്യപരമായ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി പ്രക്ഷോഭം നടത്താന്‍ യാതൊരു ധാര്‍മികാവകാശവുമില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*