ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രതികളെ ന്യായീകരിക്കാനില്ല. ഏത് ഏജൻസികൾ അന്വേഷിക്കുന്നതിനും സിപിഐഎം എതിരല്ല. സത്യം പുറത്തുവരണമെന്നും കുറ്റവാളികൾ ശിക്ഷപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷിക്കപ്പെടണം. സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെങ്കിൽ കോടതി പറയട്ടെ, പുതിയ ഏജൻസി അന്വേഷിക്കണമെങ്കിൽ കോടതി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. അദ്ദേഹത്തിനെതിരെ കോടതിയിൽ ആരും തെളിവ് നൽകിയിട്ടില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടെന്ന് താന്‍ വിശ്വസിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദേവസ്വം പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ കൊള്ള നടത്താനാകുമെന്ന് കരുതുന്നില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയില്‍ നടന്നത് നമ്മള്‍ ഉദ്ദേശിക്കുന്ന തരം മോഷണമല്ലെന്നും അതിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്നും വിദേശ വ്യവസായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങളെല്ലാം താന്‍ പ്രത്യേക അന്വേഷണസംഘത്തെ ധരിപ്പിച്ചതെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. വ്യവസായിക്ക് ഇത് നേരിട്ട് എസ്‌ഐടിയോട് പറയാന്‍ സുരക്ഷ സംബന്ധിച്ച ചില ആശങ്കകളുണ്ടായിരുന്നു. ഏതൊരു പൗരന്റേയും ധര്‍മമെന്നതിനാലാണ് താന്‍ വിവരം അറിഞ്ഞയുടന്‍ അത് എസ്‌ഐടിയോട് പറഞ്ഞത്. അന്താരാഷ്ട്ര പുരാവസ്തു കടത്ത് താന്‍ സംശയിക്കാന്‍ വേറെയും ചില കാരണങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല പറയുന്നു.
ക്ഷേത്രങ്ങളിലെ പഴയ വിളക്കുകളും ചെമ്പുപാത്രങ്ങളും മറ്റും ലേലം ചെയ്യാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഉത്തരവിറക്കിയിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന താന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ക്ഷേത്രങ്ങളില്‍ സ്ഥലമില്ലെന്നായിരുന്നു അന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ ന്യായം. ഇത് കൂട്ടിവായിച്ചപ്പോഴാണ് ആന്റിക് കച്ചവടം ഇതിന്റെ പിന്നിലുണ്ടെന്ന് തനിക്ക് സംശയം വന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ സംശയങ്ങള്‍ എത്രമാത്രം ശരിയാണെന്ന് അറിയില്ലെന്നും എല്ലാം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Be the first to comment