
റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയാണ്. വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്നും വേട്ടയാടാൻ സമ്മതിക്കില്ലെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
”കഞ്ചാവ് പിടിച്ച സംഭവത്തിൽ വേടൻ തെറ്റ് പറ്റിയെന്ന് സമ്മതിച്ചതാണ്, അത് അവിടെ തീരണ്ടതാണ്.
വേടന്റെ പാട്ട് കേൾക്കുമ്പോൾ ചില ഉദ്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടാകുന്നു. വേടനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തപ്പോൾ പാർട്ടി വേടനൊപ്പം നിന്നു. റാപ്പ് സംഗീതത്തിലൂടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആർ എസ് എസ് പറയുന്നു. ആർ എസ് എസിന് എന്ത് കല ?,വേടൻ തന്നെ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്”- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആർ എസ് എസ് മുഖപത്രമായ കേസരിയുടെ മുഖ്യ പത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നുമായിരുന്നുവെന്നും എൻ ആർ മധു പറഞ്ഞു. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞിരുന്നു.
റാപ്പർ വേടനെതിരെ ആരോപണങ്ങളുന്നയിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന പരാതിയിൽ എൻ ആർ മധുവിനെതിരെ കിഴക്കെ കല്ലട പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാം മോഹൻ നൽകിയ പരാതിയിലായിരുന്നു കേസ്.
Be the first to comment