പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് പൂനെയിൽ വെച്ചായിരുന്നു അന്ത്യം.83 വയസായിരുന്നു. സംസ്കാരം വൈകിട്ട് നാലുമണിക്ക് പൂനെയിൽ നടക്കും.പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടിയ ഗാഡ്ഗിലിനെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു.

ഗാഡ്ഗിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതിയുടെ അധ്യക്ഷസ്ഥാനമായിരുന്നു. 2010-ലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അദ്ദേഹത്തെ ഇതിനായി നിയോഗിച്ചത്. 2011-ൽ അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് പശ്ചിമഘട്ടത്തെ പൂർണ്ണമായും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്തു.പരിസ്ഥിതി സംരക്ഷണം ഉദ്യോഗസ്ഥരിൽ മാത്രം ഒതുങ്ങാതെ ഗ്രാമസഭകൾ വഴി ജനങ്ങളിൽ എത്തണമെന്ന് അദ്ദേഹം വാദിച്ചു.നിലപാടുകൾ തന്റെ ശാസ്ത്രീയ നിഗമനങ്ങളിൽ ഉറച്ചുനിൽക്കുന്ന വ്യക്തിയാണ് ഗാഡ്ഗിൽ. ‘അതിരപ്പള്ളി പോലുള്ള പദ്ധതികൾ പ്രകൃതിക്ക് ദോഷകരമാണെന്ന്’ അദ്ദേഹം തുറന്നു പറഞ്ഞു. 2018-ലെയും 2019-ലെയും കേരളത്തിലെ പ്രളയകാലത്ത്, ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതിന്റെ ഫലമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചു.

1942 മെയ് 24-ന് മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ ചെറുപ്പം മുതലേ പ്രകൃതിയോടും ശാസ്ത്രത്തോടും താല്പര്യം കാണിച്ചിരുന്നു.
അച്ഛൻ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിൽ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷനുമായിരുന്നു. പൂനെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയശേഷം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ‘മാത്തമാറ്റിക്കൽ ഇക്കോളജി’യിൽ പി.എച്ച്.ഡി കരസ്ഥമാക്കി. ഇന്ത്യയിൽ തിരിച്ചെത്തിയ ഗാഡ്ഗിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി ചേർന്നു. അവിടെ അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസ് ഇന്നും ഏഷ്യയിലെ ഏറ്റവും മികച്ച പരിസ്ഥിതി ഗവേഷണ കേന്ദ്രങ്ങളിലൊന്നാണ്. രാജ്യം പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. 2015-ൽ ടൈലർ പ്രൈസ് (പരിസ്ഥിതി മേഖലയിലെ നോബൽ സമ്മാനം എന്ന് അറിയപ്പെടുന്നു).

Be the first to comment

Leave a Reply

Your email address will not be published.


*