മഹീന്ദ്ര XUV 400ന് പകരക്കാരൻ, പുതിയ ഇലക്ട്രിക് എസ്‌യുവി എത്തി: ഒറ്റ ചാർജിൽ 285 കിലോമീറ്റർ റേഞ്ചുമായി ‘XUV 3XO’

ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമായിട്ടുള്ളൂവെങ്കിലും വാഹന ലോഞ്ചുമായി തകർക്കുകയാണ് തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര. കഴിഞ്ഞ ജനുവരി 5നാണ് കമ്പനി മഹീന്ദ്ര XUV 700ന്‍റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പായ XUV 7XO പുറത്തിറക്കിയത്. തൊട്ടുപിന്നാലെ, 13.89 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിൽ പുതിയ XUV 3XO ഇവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

മഹീന്ദ്ര XUV 400ന് പകരക്കാരനായാണ് കമ്പനി ഈ പുതിയ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. ഒരൊറ്റ ബാറ്ററി പായ്ക്കിൽ വരുന്ന കാർ രണ്ട് വേരിയന്‍റുകളിലായി ലഭ്യമാകും. വിശദാംശങ്ങളിലേക്ക്….

മഹീന്ദ്ര XUV 3XO ഇവി: എക്‌സ്റ്റീരിയർ ഡിസൈൻ
ഡിസൈനിനെ കുറിച്ച് പറയുമ്പോൾ, അലോയ് വീലുകൾ ഉൾപ്പെടെ മഹീന്ദ്ര XUV 7XO ഇന്‍റേണൽ കമ്പഷൻ പിന്തുടരുന്നു. ഏറ്റവും വലിയ മാറ്റം ബോഡി നിറമുള്ള ഗ്രില്ലും ബമ്പറിൽ ബോഡി നിറമുള്ള ഇൻസേർട്ടുകളും ഉള്ള നവീകരിച്ച സെൻട്രൽ എയർ വെന്‍റുകളാണ്. മഹീന്ദ്ര 400 മോഡൽ പോലെ, പുതിയ മഹീന്ദ്ര 3XO ഇവിക്കും കോപ്പർ-ഫിനിഷ്‌ഡ് ട്രിം ഇൻസേർട്ടുകളും പുറംഭാഗത്ത് ബാഡ്‌ജിങും ലഭിക്കുന്നു. കൂടാതെ കോപ്പർ ഫിനിഷിൽ വരുന്ന ‘ട്വിൻ പീക്ക്‌സ്’ മഹീന്ദ്ര ലോഗോ നിലനിർത്തുന്നു.

മഹീന്ദ്ര XUV 3XO ഇവി: ഇന്‍റീരിയർ ഡിസൈൻ
പുതിയ മഹീന്ദ്ര XUV 3XO ഇവിയുടെ ഇന്‍റീരിയർ പരിശോധിക്കുമ്പോൾ, മഹീന്ദ്ര XUV 400 മോഡലിന്‍റെ ക്യാബിൻ ഡിസൈനും ഏറെക്കുറെ അതേപടി നിലനിർത്തിയിട്ടുണ്ട്. ഏറ്റവും വലിയ വ്യത്യാസം ഇന്‍റീരിയർ ട്രിമ്മിന്‍റെ നിറമാണ്. ഡാഷ്‌ബോർഡ്, ഡോറുകൾ, സെന്‍റർ കൺസോൾ എന്നിവയിൽ കോപ്പർ ഇന്‍റീരിയർ ഇൻസേർട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മഹീന്ദ്ര XUV 3XO ഇവി: ബാറ്ററി പായ്‌ക്ക്, പവർ ഔട്ട്‌പുട്ട്
മഹീന്ദ്ര XUV 3XO ഇവി രണ്ട് വേരിയന്‍റുകളിലാണ് പുറത്തിറക്കിയത്. AX5, AX7 L എന്നിവയാണ് ഇവ. ഇത് 39.4 kWh ബാറ്ററി പായ്ക്കിൽ മാത്രമേ ലഭ്യമാകൂ. ഈ ബാറ്ററി പായ്ക്ക് മഹീന്ദ്ര XUV 400 ഇവിയിലും ലഭ്യമായിരുന്നു. 148 bhp പവറും 310 Nm ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതിൽ ഉള്ളത്. കാറിന് പൂർണ്ണ ചാർജിൽ 285 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മഹീന്ദ്ര XUV 3XO ഇവി: സവിശേഷതകൾ
മഹീന്ദ്ര XUV 3XO ഇവിയുടെ AX5 വേരിയന്‍റിന് മൂന്ന് ഡ്രൈവ് മോഡുകൾ, ഫ്രീക്വൻസി സെലക്‌ടീവ് ഡാംപറുകൾ, സൺറൂഫ്, ട്വിൻ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, അലക്‌സ ബിൽറ്റ്-ഇൻ ഉള്ള അഡ്രിനോക്‌സ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കമ്പാറ്റിബിലിറ്റി, 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു. ഇതിനുപുറമെ, ക്രൂയിസ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോ ഹെഡ്‌ലാമ്പ്, വൈപ്പർ, വയർലെസ് ചാർജിംഗ് പാഡ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ESP, 6 എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളും ലഭിക്കും.

AX7L വേരിയന്‍റിലേക്ക് പോകുമ്പോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വലിയ 17 ഇഞ്ച് അലോയ് വീലുകൾ, ഫോഗ് ലാമ്പുകൾ, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ഫ്രണ്ട് പാർക്കിംഗ് സെൻസർ, ഓട്ടോ ഡിമ്മിംഗ് IRVM, കൂൾഡ് ഗ്ലോവ് ബോക്സ്, ഏറ്റവും പ്രധാനമായി, ലെവൽ-2 ADAS ടെക് തുടങ്ങിയ സവിശേഷതകളാണ് ലഭിക്കുക.

പുതിയ മഹീന്ദ്ര 3XO ഇവിയുടെ ഡെലിവറി 2026 ഫെബ്രുവരി 23 മുതൽ ആരംഭിക്കും. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര 3XO ഇവി ഇതേ വില വിഭാഗത്തിൽ വരുന്ന ടാറ്റ നെക്‌സോൺ ഇവിയും എംജി വിൻഡ്‌സർ ഇവിയുമായി മത്സരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*