മലബാർ ദേവസ്വം ബോർഡിൽ സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസറിനെതിരെ ക്ഷേത്രങ്ങൾ കോടതിയിലേക്ക്, നിർണായക നീക്കം

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ടി ടി വിനോദനെതിരെ കോടതിയെ സമീപിക്കാൻ ബോർഡ് ഒരുങ്ങുന്നു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത പത്ത് ക്ഷേത്രങ്ങളിലെ അധികൃതർ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിനായി അഭിഭാഷകന് രേഖകൾ കൈമാറി. ദേവസ്വം കമ്മിഷണറുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ കോടതിയിൽ അന്യായം സമർപ്പിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫിസർ ദിനേശ് കുമാർ ഇടിവി ഭാരതിനോട് പറഞ്ഞു.

ബാലുശ്ശേരി കോട്ട ക്ഷേത്രത്തിൽ നടന്ന സ്വർണക്കൊള്ളയിലാണ് നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിലായി മുക്കം സ്റ്റേഷനിലും വിനോദനെതിരെ കേസെടുത്തിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടി ലഭിക്കുന്നുണ്ടെങ്കിലും പൊലീസ് ഗൗരവകരമായ ഇടപെടൽ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിക്കാൻ ക്ഷേത്രങ്ങൾക്ക് ബോർഡ് നിർദേശം നൽകിയത്.

വിനോദൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ട് ഒന്നരമാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ എത്രയും വേഗം പൊലീസിന് മുന്നിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എന്നാൽ അന്ന് ഒളിവിൽ പോയ വിനോദൻ ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ല. പ്രതിയെ പിടികൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. പൊലീസുമായി നിരന്തരം ബന്ധപ്പെടുമ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അറസ്റ്റ് ഇത്രയധികം വൈകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ദിനേശ് കുമാർ പറഞ്ഞു. വിനോദൻ നടത്തിയ സ്വർണക്കൊള്ള കാരണം സത്യസന്ധമായി ജോലി ചെയ്യുന്ന മറ്റ് ഉദ്യോഗസ്ഥർക്ക് പോലും സമൂഹത്തിൽ തലയുയർത്തി നടക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്വേഷണം ഊർജിതമെന്ന് പൊലീസ്

അതേസമയം കേസിൽ അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നാണ് ബാലുശ്ശേരി ഇൻസ്പെക്ടർ നൽകുന്ന വിശദീകരണം. പ്രതി ചെന്നൈയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ബാലുശ്ശേരി പൊലീസ് അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പ്രതിയുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. വൈകാതെ തന്നെ ഇയാളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

നഷ്ടമായത് 60 പവൻ സ്വർണം

ബാലുശ്ശേരി കോട്ട ക്ഷേത്രം ഉൾപ്പെടെ ടി ടി വിനോദൻ എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന പത്ത് ക്ഷേത്രങ്ങളിൽ നിന്നായി 60 പവൻ സ്വർണമാണ് മലബാർ ദേവസ്വം ബോർഡിന് നഷ്ടമായത്. ഭക്തർ കാണിക്കയായി സമർപ്പിച്ച താലി, പൊട്ട്, മാല, വള തുടങ്ങിയ സ്വർണാഭരണങ്ങളാണ് കാണാതായത്. ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു ഇക്കാര്യം സ്ഥിരീകരിച്ച് നാല് മാസം പിന്നിട്ടിട്ടും ഒരുതരി സ്വർണം പോലും വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. വിനോദനെതിരെ ക്ഷേത്രം ഭാരവാഹികൾ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെയാണ് ദേവസ്വം ബോർഡ് നിയമനടപടികളിലേക്ക് കടന്നത്.

സ്വർണം തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദന് കത്ത് നൽകിയെങ്കിലും നിശ്ചിത സമയപരിധിക്കുള്ളിൽ തിരിച്ചെത്തിയില്ല. ഈ ഉദ്യോഗസ്ഥന് ചുമതലയുള്ള പത്ത് ക്ഷേത്രങ്ങളിൽ രണ്ടിടത്തെ കണക്കുകൾ മാത്രമാണ് ഹാജരാക്കിയത്. മധ്യസ്ഥതയിലൂടെ സ്വർണം തിരികെ നൽകാൻ തയാറാണെന്ന് വിനോദൻ ബോർഡിനെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ അത് പ്രാവർത്തികമായിട്ടില്ല. സ്വർണക്കൊള്ള നടന്ന വിവരം പുറത്തുവന്നതിനുശേഷം വഴിപാടുകളിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ലെന്ന് എക്സിക്യൂട്ടീവ് ഓഫിസർ ദിനേശ് കുമാർ പറഞ്ഞു. എന്നാൽ സ്വർണം വഴിപാടായി ലഭിക്കുന്നത് വളരെ കുറവാണ്. സ്വർണവില വർധിച്ച സാഹചര്യത്തിലാകാം ഇതെന്നാണ് വിലയിരുത്തൽ. ദേവസ്വം ബോർഡിന് ഒന്നടങ്കം നാണക്കേട് ഉണ്ടാക്കിയ വിനോദനെ ഉടൻ പിടികൂടാൻ പൊലീസ് അന്വേഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*