എന്റെ മനോഭാവം മാറ്റിയത് മലയാള നടന്മാർ ; കമൽ ഹാസൻ

തമിഴ് സിനിമ കച്ചവട ചിത്രങ്ങൾക്ക് പിറകെ പോയി കലാമൂല്യമുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നതേയില്ല എന്ന് തോന്നിയപ്പോഴാണ് താൻ മലയാള സിനിമയിലേക്ക് ചേക്കേറിയതെന്ന്‌ കമൽ ഹാസൻ. ആ സമയം താൻ തമിഴിൽ ആശ്വാസം കണ്ടെത്തിയത് സംവിധായകൻ ബാലചന്ദറിലും മലയാള സിനിമയിലുമായിരുന്നുവെന്നും കമൽ ഹാസൻ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എന്നെ നായകനായി ആദ്യം അംഗീകരിച്ചത് മലയാളത്തിലാണ് എങ്കിലും അവിടെ എന്റെ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തിയെന്നോ, ഞാൻ ആഗ്രഹിച്ച നിലയിലെത്തിയെന്നോ ഞാൻ പറയില്ല. എന്നാൽ അതെനിക്ക് മനോഹരമായൊരു പരിശീലനകാലം തന്നെയായിരുന്നു. മലയാള സിനിമയിലെ അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചപ്പോൾ എന്റെ മനോഭാവം തന്നെ മാറി” കമൽ ഹാസൻ പറയുന്നു.

മണിരത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധെപ്പെട്ട നൽകിയ പ്രത്യേക അഭിമുഖത്തിൽ തന്നെ സ്വാധീനിച്ച നിരവധി മലയാള സിനിമ പ്രവർത്തകരുടെ പേരെടുത്ത് പറയുകയും അവരെക്കുറിച്ച് വാചാലനാകുകയും ചെയ്തു കമൽ ഹാസൻ.

“സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ, പി ജെ ആന്റണി തുടങ്ങിയ നടന്മാരൊക്കെയാണ് എന്നെ സംബന്ധിച്ച് യഥാർത്ഥ നായകന്മാർ” കമൽ കൂട്ടിച്ചേർത്തു. മണിരത്നത്തോടൊപ്പം കമൽഹാസനും ചേർന്നാണ് തഗ് ലൈഫിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രം ജൂൺ അഞ്ചിന് റിലീസ് ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*