
74 ആം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനം മലയാള സിനിമാ ലോകവും സിനിമ പ്രേക്ഷകരും ചേർന്ന് ആഘോഷമാക്കുന്നു. അതിൻ്റെ ഭാഗമായി മമ്മൂട്ടിയുടെ അടുത്ത റിലീസ് ആയെത്തുന്ന “കളങ്കാവൽ” എന്ന ചിത്രത്തിൻ്റെ പുത്തൻ പോസ്റ്ററും പുറത്ത് വന്നു. മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ഈ ക്രൈം ഡ്രാമ ചിത്രത്തിൻ്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ രചിച്ചത്.
മമ്മൂട്ടി ആരാധകരും സിനിമ പ്രേമികളും ചേർന്ന് വലിയ ജന്മദിന ആഘോഷമാണ് താരത്തിന് വേണ്ടി നൽകിയത്. രാവിലെ മുതൽ മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളത്തിലെ ഒട്ടേറെ താരങ്ങളുടെ ജന്മദിന ആശംസകൾ മമ്മൂട്ടിയെ തേടിയെത്തി. ഒപ്പം സോഷ്യൽ മീഡിയയിലും ആരാധകർ മമ്മൂട്ടി സ്പെഷ്യൽ പോസ്റ്റുകളുമായി ആഘോഷിക്കുകയാണ്. ബിഗ് ബോസ് ഷോയിൽ, മമ്മൂട്ടിയുടെ ചിത്രങ്ങൾ പതിപ്പിച്ച മനോഹരമായ ഷർട്ടും അണിഞ്ഞാണ് മോഹൻലാൽ ഈ ദിവസം പ്രത്യക്ഷപ്പെടുന്നത് എന്നതും ആഘോഷങ്ങളുടെ മാറ്റു കൂട്ടുന്നു.
ഇതോടൊപ്പം മമ്മൂട്ടിയുടെ അതിഥികളായി പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവൺമെൻ്റ് എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർത്ഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘം കൊച്ചിയിൽ എത്തുകയും, കൊച്ചി മെട്രോയും, നെടുമ്പാശ്ശേരി വിമാനത്താവളവും, ആലുവ രാജഗിരി ആശുപത്രിയും സന്ദർശിച്ചതിന് ശേഷം മമ്മൂട്ടിയുടെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തതും ഹൃദ്യമായ കാഴ്ചയായി മാറി. നടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് വിനോദയാത്ര സംഘടിപ്പിച്ചത്. പാലക്കാട് കാണാൻ ആഗ്രഹിച്ച കുട്ടികളെ കൊച്ചി കാണിക്കാനും മെട്രോയിൽ കയറ്റാനും വിമാനത്താവളത്തിൽ കൊണ്ടുപോകാനും നിർദേശിച്ചത് മമ്മൂട്ടിയാണ്. ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ.
Be the first to comment