‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ചില യൂട്യൂബേഴ്‌സ് ആയിരിക്കും, മാനസിക സമ്മര്‍ദം താങ്ങാനാകുന്നില്ല’; രേഖാ രതീഷ്

തന്നെ തേജോവധം ചെയ്യുന്ന വിധത്തില്‍ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യൂട്യൂബേഴ്‌സിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന അഭ്യര്‍ഥനയുമായി സീരിയല്‍ താരം രേഖ രതീഷ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില യൂട്യൂബേഴ്‌സ് തന്നെക്കുറിച്ച് മോശം ക്യാപ്ഷനുകള്‍ നല്‍കി വ്യാപകമായി വിഡിയോ ചെയ്യുന്നുവെന്നും തനിക്ക് ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും രേഖ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും അഭിസംബോധന ചെയ്തുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് രേഖയുടെ പരാമര്‍ശങ്ങള്‍.

ചില യൂട്യൂബേഴ്‌സ് കാരണം താന്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നുവെന്ന് നിറകണ്ണുകളോടെ വിവരിച്ചുകൊണ്ടാണ് രേഖയുടെ വിഡിയോ. താന്‍ ഏഴെട്ട് മാസമായി ജോലിയില്ലാതെ ഫ്‌ളാറ്റില്‍ കഴിയുകയാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളത്. കഴിഞ്ഞ രണ്ട് മാസമായാണ് യൂട്യൂബേഴ്‌സിന്റെ ശല്യം രൂക്ഷമാകുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ തന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്‌സ് ആയിരിക്കുമെന്നും അതുകൊണ്ടെങ്കിലും അവരത് അവസാനിപ്പിക്കണമെന്നും രേഖ പറഞ്ഞു.

തനിക്ക് വേണ്ടി മാത്രമല്ല ഈ അഭ്യര്‍ഥനയെന്നും രേഖ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ മൂലം നിരവധി ജീവനുകള്‍ പൊലിയുന്നുണ്ട്. ഇതേ മേഖലയില്‍ ജോലി ചെയ്യുന്ന തന്റെ സഹപ്രവര്‍ത്തകരും സമാനമായ അവസ്ഥകള്‍ നേരിടുന്നുണ്ട്. വളരെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുപോകുന്ന ഒരു സ്ത്രീയാണ് താന്‍. എല്ലാ സഹോദരന്മാരേയും സഹോദരിമാരേയും കരുതി വിഷയത്തില്‍ നടപടിയെടുക്കണമെന്നും രേഖ അഭ്യര്‍ഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*