‘എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയും’; രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖർഗെ

ആർഎസ്എസിനെ നിരോധിക്കണമെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖർഗെ പറഞ്ഞു. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങൾക്കുപ്പെടെ ഖർ​ഗെ മറുപടി നൽകിയത്.

സർദാർ വല്ലഭായി പട്ടേൽ രാജ്യത്ത് ഐക്യമുണ്ടാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ആ ഐക്യം നിലനിർത്താൻ ഇന്ദിരാഗാന്ധി ജീവൻ നൽകി. ഗാന്ധിവധത്തിനിടയാക്കിയത് ആർഎസ്എസ് സൃഷ്ടിച്ച അന്തരീക്ഷമെന്ന് പട്ടേൽ പറഞ്ഞിരുന്നു. സർദാറിനെ കോൺഗ്രസ് മറന്നു എന്ന് പറയാൻ സംഘപരിവാറിന് അവകാശമില്ലെന്നും ഖർഗെ പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർക്ക് ആർഎസ്എസിൽ സജീവ അംഗങ്ങളാകാനുള്ള വിലക്ക് വന്നത് വല്ലഭായി പട്ടേലിൻറെ കാലത്താണ്. ഇത് മോദി സർക്കാരാണ് എടുത്തു കളഞ്ഞത്. നെഹ്റുവിനും സർദാർ പട്ടേലിനും ഇടയിലുണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു. സർദാർ പട്ടേലിൻറെ ജയന്തി ദിനത്തിൽ രാജാവിനെ പോലെ ബ്രിട്ടീഷ് തൊപ്പി ധരിച്ച് മോദി ഇരുന്നുവെന്നും മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഇല്ലാതെ ഒറ്റയ്ക്ക് ഇരുന്നുവെന്നും ഖർ​ഗെ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നവർ സർദാറിൻറെ ഓർമ്മ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു. ആർഎസ്എസിനെ നിരോധിക്കാതെ മറ്റു വഴിയില്ലെന്ന് സർദാർ വ്യക്തമാക്കിയിരുന്നു. എൻസിഇആർടി പാഠപുസ്തകങ്ങളിൽ ചരിത്രവും സത്യവും മൂടിവയ്ക്കുകയാണെന്നും ഖാർഗെ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*