തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ കൂടിക്കാഴ്ചയിൽ മുതിർന്ന നേതാക്കൾ അതൃപ്തി വ്യക്തമാക്കി. അതൃപ്തി ഹൈക്കമാൻഡിനെ അറിയിച്ചതായി മുൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു
എന്നാൽ സുധാകരന്റെ വിമർശനം കൂടിക്കാഴ്ചയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം മാധ്യമങ്ങളോട് പറയാൻ ആകില്ലെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ചില കാര്യങ്ങൾ തന്നോടും പറഞ്ഞിട്ടുണ്ട്. നേതാക്കളുടെ ഫീഡ്ബാക്ക് പ്രധാനം. അതെല്ലാം ചർച്ച ചെയ്യും. കേരളത്തിൽ 100 ശതമാനവും വിജയിക്കും. മുഖ്യമന്ത്രി മുഖം ആരെന്ന് മാധ്യമങ്ങൾ ആരെയെങ്കിലും നിർദേശിച്ചാൽ നമുക്ക് ചർച്ച ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേതാക്കളാണ് പാർട്ടിക്ക് അകത്ത് അനൈക്യം ഉണ്ടാക്കുന്നത്. അനൈക്യം പറഞ്ഞു ശരിയാക്കിയാൽ തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്നും സുധാകരൻ ഡൽഹിയിൽ വച്ച് പറഞ്ഞു. പറയേണ്ടത് മുഖത്തുനോക്കി പറഞ്ഞിട്ടുണ്ട്. അനൈക്യം പറഞ്ഞു ശരിയാക്കിയില്ലെങ്കിൽ എല്ലാം വെള്ളത്തിലാകുമെന്നും അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. ഒരു പാർട്ടിയാകുമ്പോൾ ഒരു വിഷയത്തിൽ രണ്ട് അഭിപ്രായമുണ്ടാകുന്നത് തർക്കമല്ലെന്നും സുധാകരൻ വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ നവംബർ ഒന്നുമുതൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ കെപിസിസി തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും എഐസിസി നേതൃത്വം വിലയിരുത്തി. പ്രചാരണ പദ്ധതികളെക്കുറിച്ച് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും യോഗത്തിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയ നിർദേശം.



Be the first to comment