എസ്ഐആർ പ്രക്രിയയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എസ്ഐആർ പദ്ധതി നടപ്പാകുന്നതിലൂടെ കേന്ദ്രം ഭയപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മമത പറഞ്ഞു. മാൾഡയിലെ ഗാസോളിൽ നടന്ന എസ്ഐആർ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ആരും ബംഗ്ലാദേശിലേക്ക് പോകില്ല എന്നും തൃണമൂൽ പ്രവർത്തകർ ബുദ്ധിമുട്ടുകൾ നേരിടുന്ന ആളുകളെ സഹായിക്കുമെന്നും അതിനായി ഡിസംബർ 12 മുതൽ സംസ്ഥനത്തുടനീളം ‘മേ ഐ ഹെൽപ്പ് യു’ എന്ന ഹെൽപ്പ് ഡെസ്ക് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“എസ്ഐആറിൻ്റെ പേരിൽ ബിജെപി വോട്ടർമാരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഇത്ര തിടുക്കം കാണിക്കേണ്ടതിൻ്റെ ആവശ്യകത എന്തായിരുന്നു?. എസ്ഐആറിൽ പേര് ചേർത്താലും വോട്ടർ പട്ടികയിൽ പേര് ഉൾപ്പെുത്തുമെന്ന് ഉറപ്പില്ല. കരട് പട്ടികയിൽ പേര് ഉൾപ്പെടുത്തിയാലും വീണ്ടും ഒരു ഹിയറിങ് ഉണ്ടാവും. ഹാജരായില്ലെങ്കിൽ നിങ്ങളുടെ പേര് പട്ടികയിൽ നിന്ന് പുറത്താക്കപ്പെടും.
ആരും ഭയപ്പേടേണ്ടതില്ല. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ആരും പിന്നോട്ട് തള്ളപ്പെടില്ല. എല്ലാവരും ബംഗാളിൽ തന്നെ തുടരും. ഞാൻ നിങ്ങളുടെ രക്ഷാധികാരിയാണ്. ബുദ്ധിമുട്ടുള്ളവർക്കായി ഞങ്ങൾ ഒരു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നുണ്ട്. ആവശ്യമുള്ളവർക്ക് അവരെ സമീപിക്കാം”, മമത ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിലെ എസ്ഐആർ തൃണമൂൽ കോൺഗ്രസ് സർക്കാരിനെ അട്ടമറിക്കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തന്ത്രമാണെന്നും എന്നാൽ അത്തരം തന്ത്രങ്ങൾ ഇവിടെ വിജിയിക്കില്ലെന്നും മമത പറഞ്ഞു. എസ്ഐആറിലൂടെ ബിജെപി സ്വന്തം ശവക്കുഴി തോണ്ടുകയാണ്. എന്നാൽ ബംഗാളിനെ കീഴടക്കാൻ കഴിയില്ല. ബംഗാളിലെ ജനങ്ങൾ ഒരിക്കലും നിങ്ങളെ പിന്തുണക്കില്ല. ബംഗാൾ ബിഹാറിൽ നിന്ന് വ്യത്യസ്തമാണെന്നും മമത പറഞ്ഞു.
അതേസമയം ബംഗാളിൽ എസ്ഐആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തിടുക്കത്തിലുള്ള തീരുമാനം ആളുകളെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു. “ഞങ്ങൾ എസ്ഐആറിന് എതിരാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അതിന് സമയം ആവശ്യമാണ്. ബംഗളിൽ എസ്ഐആർ മൂലം 39 പേർക്ക് ജീവൻ നഷ്ടപ്പെട്ടു”, മമത പറഞ്ഞു.
ഡിസംബർ 12 മുതൽ ‘മേ ഐ ഹെൽപ്പ് യു’ ഹെൽപ്പ് ഡസ്ക്
എസ്ഐആറുമായി ബന്ധപ്പെട്ട് ബംഗാളിലെ ആളുകളെ സഹായിക്കനായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒരു കാമ്പയിനാണ് ‘മേ ഐ ഹെൽപ്പ് യു’ എന്നത്. ഫോമുകൾ എങ്ങനെ പൂരിപ്പിക്കണമെന്നും എന്താണ് ചെയ്യണ്ടതെന്നും ഉള്ള കാര്യങ്ങൾ ഈ കാമ്പയിനിലൂടെ ആളുകൾക്ക് മനസിലാക്കി കൊടുക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശം.
കേന്ദ്രം ഫണ്ടുകൾ തടഞ്ഞുവയ്ക്കുന്നു
100 ദിവസത്തെ തൊഴിൽ പരിപാടി ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണെന്നും മമത ബാനർജി പറഞ്ഞു. “നമുക്ക് ജിഎസ്ടി മാത്രമേ ലഭിക്കുന്നുള്ളു. നമ്മുടെ എല്ലാ നികുതി പണവും കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നു”, മമത ആരോപിച്ചു.
ബംഗ്ലാദേശിലേക്ക് കുടിയേറിയ സോണാലി ഖാത്തൂണിൻ്റെ കേസിനെ കുറിച്ചും മമത പരാമർശിച്ചു. “സോണാലി ഒരു ഇന്ത്യക്കാരിയാണ്. പിന്നെ എന്തിനാണ് ഗർഭിണിയായ ആ സത്രീയെ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടത്?”, മമത ചോദിച്ചു. താൻ ഇവിടെ ഉള്ളിടത്തോളം കാലം ആരും പേടിക്കേണ്ട എന്നും എല്ലാം താൻ നോക്കിക്കൊള്ളാമെന്നും മമത ജനങ്ങളോടായി പറഞ്ഞു.
എഐ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു
ബിജെപി തന്റെ എഐ വീഡയോകൾ പ്രചരിപ്പിക്കുന്നുവെന്നും മമത പറഞ്ഞു. താൻ തെറ്റായ പ്രസ്താവന നടത്തുന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. തെറ്റായ വിവരങ്ങളിലോ വർഗീയ പ്രചരണങ്ങളിലോ പൊതുജനങ്ങൾ വീഴരുതെന്നും മമത പറഞ്ഞു.



Be the first to comment