‘അപമാനിച്ചതായി കണക്കാക്കേണ്ട’; സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി

ടൗണ്‍ഷിപ് സന്ദര്‍ശന വിവാദത്തില്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. അപമാനിച്ചതായി കണക്കാക്കേണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. താങ്കളോട് മാത്രമായി പറഞ്ഞതാണ്, അതെങ്ങനെ പുറത്തുവന്നെന്ന് അറിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് അറിയിച്ചു. അത് വെറും സ്വകാര്യസംഭാഷണമായി മാത്രം കണക്കാക്കിയാല്‍ മതിയെന്നും മമ്മൂട്ടി പറഞ്ഞു. രണ്ട് തവണയാണ് മമ്മൂട്ടി റഫീഖിനെ വിളിച്ചത്. വീഡിയോ കോള്‍ ഉള്‍പ്പടെ ചെയ്തു.

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ ഒപ്പം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി.

ഇന്നലെയാണ് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാനായി മമ്മൂട്ടി എത്തിയത്. അതിന് മുന്‍പ് സ്ഥലം സന്ദര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മടങ്ങിപ്പോയതിന് തൊട്ടുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ സന്ദര്‍ശനം. ആളുകൂടിയപ്പോള്‍, നിയന്ത്രിക്കാനായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് മമ്മൂട്ടിക്കൊപ്പം കൂടി.

പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സ്വകാര്യ സന്ദര്‍ശനത്തില്‍ രാഷ്ട്രീയനിറം കലര്‍ത്തേണ്ട എന്ന നിലപാടിന്റെ പുറത്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വീഡിയോ വൈറലായതിന് പിന്നാലെ, സോഷ്യല്‍ മീഡിയയില്‍ അനുകൂലിച്ചും വിയോജിച്ചും ചര്‍ച്ചയുയര്‍ന്നു. ഇടത് സഹയാത്രികനായ മമ്മൂട്ടി, ജില്ലാ സെക്രട്ടറിയോട് ഇങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് വിമര്‍ശനം. സൈബര്‍ ആക്രമണം തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*