‘പൂക്കി മമ്മൂട്ടി, ഡൊമിനിക്കും കേസും കലക്കി’; സ്ട്രീമിങ്ങിന് പിന്നാലെ കയ്യടികൾ വാരിക്കൂട്ടി മമ്മൂക്ക ചിത്രം

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ചിത്രമായിരുന്നു ‘ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്’. മമ്മൂട്ടി നായകനായ സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. തിയേറ്ററുകളിൽ ഡൊമിനിക്കിന് വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ചിത്രമിപ്പോൾ മാസങ്ങൾക്കിപ്പുറം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സ്ട്രീമിങ്ങിന് പിന്നാലെ സിനിമയും ചിത്രത്തിലെ ഡൊമിനിക് എന്ന കഥാപാത്രവും കയ്യടി നേടുകയാണ്.

ഒരു ഡീസന്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ് ഡൊമിനിക് എന്നും തിയേറ്ററിൽ ചിത്രം വിജയം അർഹിച്ചിരുന്നു എന്നാണ് കമന്റുകൾ. മമ്മൂട്ടിയുടെ ഡൊമിനിക് ഭയങ്കര രസമുള്ള കഥാപാത്രം ആണെന്നും സിബിഐ സീരീസ് പോലെ ഈ കഥാപാത്രത്തിനെ വെച്ച് ഇനിയും സിനിമകൾ വരണമെന്നുമാണ് ചിലരുടെ അഭിപ്രായങ്ങൾ. സിനിമയുടെ ട്വിസ്റ്റ് നന്നായിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഗൗതം മേനോന്റെ സമീപകാല സിനിമകളിലെ മികച്ച സിനിമയാണ് ഡൊമിനിക് എന്നും കമന്റുകളുണ്ട്. സീ 5 ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഡിസംബര്‍ 19നാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഒരു പഴ്‌സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം 19.2 കോടി രൂപയാണ് മമ്മൂട്ടി പടത്തിന്റെ നിര്‍മാണ ചെലവ്.

Be the first to comment

Leave a Reply

Your email address will not be published.


*