സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി,മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന പാട്രിയറ്റ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകർ ആഘോഷമാക്കി മാറ്റിയിരുന്നു. വൻ സ്വീകാര്യതയാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി എന്നിവരെയും ടീസറിൽ കാണാനാകും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങുന്നത്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ആയാണ് ചിത്രത്തിന്റെ മുൻ ഷെഡ്യൂളുകൾ പൂർത്തിയാക്കിയത്.
പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.



Be the first to comment