ഭാര്യയെ കൊന്ന് കുഴിച്ചുമൂടി?; കോട്ടയത്ത് യുവാവ് പിടിയിൽ

കോട്ടയം: അയര്‍കുന്നത്ത് യുവാവ് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. പശ്ചിമബംഗാള്‍ സ്വദേശി അൽപ്പാനയാണ് മരിച്ചത്. യുവതിയുടെ ഭർത്താവ് നിർമ്മാണതൊഴിലാളിയായ ബം​ഗാൾ സ്വദേശി സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യ അൽപ്പാനയെ കാണാനില്ലെന്ന് ഇയാള്‍ അയര്‍കുന്നം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പൊലീസ് മൊഴി നൽകാനായി സോണിയെ വിളിപ്പിച്ചു. എന്നാൽ സ്റ്റേഷനിൽ ഹാജരാകാതെ സ്വദേശമായ പശ്ചിമ ബം​ഗാളിലേക്ക് കടക്കാൻ ശ്രമിച്ചു. ഇതിനായി ഇയാൾ എറണാകുളത്തെത്തി. പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സോണിയെ ഇതിനോടകം നിരീക്ഷിച്ചിരുന്നു. എറണാകുളത്തെത്തിയ സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് അയർകുന്നം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കൊലപാതകം നടത്തിയ വിവരം വെളിപ്പെടുത്തിയെന്നാണ് സൂചന.

ദമ്പതികൾ താമസിച്ചിരുന്ന വീടിന് സമീപം നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് സമീപം ഭാര്യയുടെ മൃതദേഹം കുഴിച്ചിട്ടുവെന്നാണ് സോണി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. വൈകാതെ പ്രതി പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*