ഇന്ത്യയിലെ മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്‌ധനുമായ ഡോ. മൻമോഹൻ സിങ്ങിൻ്റെ ഒന്നാം ചരമവാർഷിക ദിനമാണ് ഇന്ന്. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനത്തിനും വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ ഓർക്കാം. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം എന്നും പ്രശംസയര്‍ഹിക്കുന്നതാണ്.
രാഷ്ട്രീത്തോടുള്ള അദ്ദേഹത്തിൻ്റെ അചഞ്ചലമായ സമർപ്പണം നാം ഇന്നും ഓർക്കുന്നു. അദ്ദേഹത്തിൻ്റെ ആദർശങ്ങളും പ്രവർത്തനങ്ങളും ദശലക്ഷക്കണക്കിന് ആളുകളെ ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിൻ്റെ സാമ്പത്തിക വളര്‍ച്ചയുടെ നാഴകകല്ലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 നാണ് ഡോ. മന്‍മോഹന്‍ സിങ് നമ്മളെ വിട്ട് പിരിഞ്ഞത്.
ഡോ മന്‍മോഹന്‍ സിങിൻ്റെ യാത്ര
മൻമോഹൻ സിങ്ങിൻ്റെ യാത്ര സമർപ്പണ ബോധത്തോടെയുള്ളതായിരുന്നു. അദ്ദേഹത്തിൻ്റെ സ്വഭാവം വിനയം, പൊതുസേവനത്തോടുള്ള ഉറച്ച പ്രതിബദ്ധത എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനും പണ്ഡിതനുമായ അദ്ദേഹത്തിൻ്റെ സംഭാവനകള്‍ രാജ്യത്തില്‍ പല ഘട്ടത്തിലും സാഹായകമായിട്ടുണ്ട്. അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉദാരവൽക്കരണ സമയത്ത് ധനമന്ത്രി എന്ന നിലയിൽ വഹിച്ച പങ്ക്.
അദ്ദേഹത്തിൻ്റെ ദർശനം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുകയും വളർച്ചയ്ക്കും വികസനത്തിനും പുതിയ വഴികൾ തുറക്കുകയും ചെയ്‌തു. പ്രധാനമന്ത്രി എന്ന നിലയിൽ, സമഗ്രമായ പുരോഗതി, സാമൂഹിക ക്ഷേമം, എന്നിവയ്‌ക്ക് വേണ്ടി നിരന്തരം പോരാടിയ വ്യക്തി കൂടിയാണ്.
രാജ്യത്തിൻ്റെ മുന്‍ പ്രധാനമന്ത്രി
പ്രധാനമന്ത്രി എന്ന നിലയില്‍ 2004 മുതൽ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിയിരുന്നു ഡോ. മന്‍മോഹന്‍ സിങ്. യുപിഎ സർക്കാരിനെ നയിച്ച പ്രധാനമന്ത്രിയായിരുന്നു. 1990 കളിൽ പി.വി. നരസിംഹറാവുവിൻ്റെ നേതൃത്വത്തിൽ ധനമന്ത്രിയായിരുന്നു ഇദ്ദേഹം. ഇന്ത്യയില്‍ പ്രധാന സാമ്പത്തിക പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിലും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിനും നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. പാർട്ടി വ്യത്യാസങ്ങൾക്കപ്പുറം ആദരണീയനായ ഒരു വ്യക്തിയായിരുന്നു സിങ്.
1991 മുതൽ 2024 ൽ വിരമിക്കുന്നതുവരെ ഏകദേശം മൂന്ന് പതിറ്റാണ്ടോളം അസമിനെ പ്രതിനിധീകരിച്ച് രാജ്യസഭയിൽ എത്തി. 1999 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹി നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ വിജയ് മൽഹോത്രയോട് പരാജയപ്പെട്ടു. ഉപരിസഭയിൽ തുടർന്നു. 1999-2004 കാലയളവിൽ സോണിയ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായപ്പോള്‍ അദ്ദേഹം രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി സേവനമനുഷ്‌ഠിച്ചു.
വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കള്‍ ബഹുമാനത്തോടെ നോക്കിക്കണ്ട വ്യക്തിയായിരുന്നു ഇദ്ദേഹം. ഇന്ത്യയുടെ ആധുനിക സാമ്പത്തിക ചട്ടക്കൂട് രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റ പങ്ക് ഏറെ വലുതാണ്.
മന്‍മോഹന്‍ സിങ്
ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ 1932 സെപ്റ്റംബര്‍ 26നാണ് ഡോ. മന്‍മോഹന്‍ സിങ്ങ് ജനിച്ചത്. 1948ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. തുടര്‍ന്ന് 1957ല്‍ ബ്രിട്ടനിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ഓണേഴ്‌സ് ബിരുദം നേടി. ഒക്സ്ഫോഡ് സര്‍വകലാശാലയിലെ നഫില്‍ഡ് കോളേജില്‍നിന്ന് 1962ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഡി.ഫില്‍ പൂര്‍ത്തിയാക്കി.
1971ല്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തികശാസ്ത്ര ഉപദേഷ്‌ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വര്‍ഷം ധനമന്ത്രാലയത്തിന്‍റെ മുഖ്യ സാമ്പത്തിക ശാസ്ത്ര ഉപദേഷ്‌ടാവായി നിയമിതനായി. പല സുപ്രധാന പദവികളും ഡോ. സിങ്ങിനെ തേടിയെത്തി. ആസൂത്രണ കമ്മിഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്‌ടാവ്, ധനകാര്യമന്ത്രാലയം സെക്രട്ടറി, യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ പോലും ഡോ.മന്‍മോഹന്‍ സിങ്ങിന്റെ സ്വാധീനം അനുസ്മരിക്കപ്പെടും.
മരിച്ച് ഒരു വര്‍ഷം തികയുമ്പോഴും അദ്ദേഹത്തിൻ്റെ സംഭാവനകളെ ഇന്നും നാം ആദരിക്കുന്നു. രാജ്യത്തിൻ്റെ ചരിത്രത്തിലും ഭാവിയിലും മായാത്ത മുദ്ര പതിപ്പിച്ച സംഭാവനകൾ നൽകിയാണ് അദ്ദേഹം മടങ്ങിയത്.



Be the first to comment