ന്യൂഡൽഹി: ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകൾ ആയുധങ്ങളുമായി കീഴടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 13 മുതിർന്ന കേഡർമാർ ഉൾപ്പെടെ 21 മാവോയിസ്റ്റുകൾ കീഴടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ നിന്ന് ഇന്നലെയാണ് (ഒക്‌ടോബര്‍ 26) 18 ആയുധങ്ങൾ അധികൃതർക്ക് കൈമാറിയ ശേഷം മാവോയിസ്റ്റുകൾ കീഴടങ്ങിയത്.
2026 മാർച്ച് 31നകം രാജ്യത്തെ നക്‌സലിസം ഇല്ലാതാക്കുമെന്ന് അമിത്ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മോദി സർക്കാരിൻ്റെ ആഹ്വാനപ്രകാരം അക്രമം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് ചേർന്നതിന് മാവോയിസ്റ്റ് പ്രവർത്തകരെ അഭിനന്ദിക്കുന്നതായി അമിത് ഷാ പറഞ്ഞു. ഇപ്പോഴും തോക്കുകൾ കൈവശം വച്ചിരിക്കുന്നവരോട് എത്രയും വേഗം കീഴടങ്ങാൻ അഭ്യർഥിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.”ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിൽ 21 മാവോയിസ്റ്റുകൾ ആയുധങ്ങളുമായി കീഴടങ്ങിയെന്ന വിവരം പങ്കിടുന്നതിൽ സന്തോഷമുണ്ട്. അവരിൽ 13 പേർ മുതിർന്ന കേഡറുകളായിരുന്നു,” അമിത് ഷാ എക്‌സിൽ കുറിച്ചു.
ഒക്ടോബർ 2ന് 49 പേർ ഉൾപ്പെടെ 103 മാവോയിസ്റ്റുകൾ ബിജാപൂർ ജില്ലയിലെ ബസ്‌തർ മേഖലയിൽ കീഴടങ്ങിയിരുന്നു. തുടർന്ന് ഒക്ടോബർ 17നാണ് 210 നക്‌സലെറ്റുകൾ ബസ്‌തർ ജില്ലയിലെ ജഗദൽപൂരിൽ ആയുധങ്ങൾ കൈമാറിയ ശേഷം കീഴടങ്ങിയത്. മോദി സർക്കാരിൻ്റെ നേതൃത്വത്തിൽ അഞ്ച് പതിറ്റാണ്ടിലേറെയായി മാവോയിസ്റ്റ് ഭീഷണിയുണ്ടായിരുന്ന ഗ്രാമങ്ങൾ വികസനത്തിനും പുരോഗതിയ്ക്കും സാക്ഷ്യം വഹിക്കുന്നതായി ആഭ്യന്തര മന്ത്രാലയം നേരത്തെ വിശേഷിപ്പിച്ചിരുന്നു.
ചൈനാ-സോവിയറ്റ് പിളർപ്പിന് ശേഷം രൂപപ്പെട്ട തീവ്ര കമ്മ്യൂണിസ്റ്റ് ആശയമാണ് നക്‌സലിസം. പ്രത്യയശാസ്‌ത്രപരമായി മാവോയിസം പിന്തുടരുന്നവരെ മാവോയിസ്റ്റ് എന്നും വിളിക്കപ്പെടുന്നു. 2014ൽ 182 ജില്ലകളിൽ മാവോയിസ്റ്റ് ഭീഷണി ഉണ്ടായിരുന്നു. ഇതിപ്പോള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
രാജ്യം നക്‌സലിസത്തിൽ നിന്ന് മുക്തമാകുന്ന ദിനം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉറപ്പ് നൽകിയിരുന്നു. മാവോയിസം ഇന്ത്യയിലെ യുവാക്കൾക്കെതിരായ വലിയ അനീതിയും പാപവുമാണെന്നും രാജ്യത്തെ യുവത്വത്തെ അത്തരമൊരു സാഹചര്യത്തിലേക്ക് തള്ളി വിടാൻ തനിക്ക് കഴിയില്ലെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
ഇന്ത്യയിലെ നക്‌സലേറ്റ്-മാവോയിസ്റ്റ് സാന്നിധ്യം കൂടുതലായി കാണപ്പെടുന്ന കിഴക്കൻ, മധ്യ, തെക്കൻ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളെയാണ് ‘റെഡ് കോറിഡോർ’ എന്ന് പൊതുവിൽ പറയുന്നത്. ഈ മേഖലകൾ സാമ്പത്തികപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്നതും ദാരിദ്ര്യം, നിരക്ഷരത, വികസനക്കുറവ് എന്നിവ നേരിടുന്നു. ഛത്തീസ്‌ഗഡ്, ജാർഖണ്ഡ്, ഒഡിഷ, ബിഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ റെഡ് കോറിഡോറിൽ ഉൾപ്പെടുന്നു. ഇത്തരം റെഡ് കോറിഡോറുകൾ ചുരുങ്ങുന്നുവെന്ന കണക്കുകൾ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടിരുന്നു.



Be the first to comment