
കൊച്ചി: രാജ്യത്ത് പല ഭാഗങ്ങളില്‍ ക്രൈസ്തവര്‍ ഭയന്നാണ് ജീവിക്കുന്നതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയ്ക്കെതിരായ പ്രവൃത്തിയാണ് ഛത്തീസ്ഗഢില്‍ നടന്നത്. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടാന്‍ പാടില്ലെന്നും സംരക്ഷണം വേണമെന്നും വിഷയത്തില്‍ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകളില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്ത്യന്‍മതത്തെ വിദേശമതമായാണ് ഇപ്പോഴും ഇന്ത്യയില്‍ കാണുന്നത്. രണ്ടായിരംകാലം പഴക്കമുള്ള ഇന്ത്യയുടെ തന്നെ മതമാണെന്നും അദ്ദേഹം പറഞ്ഞു.
ആഗ്രയിലെ ആശുപത്രിയിലെ ജോലിക്കായാണ് പെണ്‍കുട്ടികളെ കന്യാസ്ത്രീകള്‍ കൊണ്ടുപോയത്. മൂന്നു പെണ്‍കുട്ടികളും ക്രിസ്ത്യാനികളും പ്രായപൂര്‍ത്തിയായവരുമാണ്. പെണ്‍കുട്ടികള്‍ വരാന്‍ തയ്യാറായപ്പോള്‍ കൂട്ടിക്കൊണ്ടുപോകാനാണ് കന്യാസ്ത്രീകള്‍ ഛത്തീസ്ഗഢിലെത്തിയത്. എന്നാല്‍ കന്യാസ്ത്രീമാരെ ആ വേഷത്തില്‍ കണ്ടപ്പോള്‍ ആരോ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ബജ്‌റങ്ദള്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി. മനുഷ്യക്കടത്തെന്ന കുറ്റമാണ് ആദ്യം കന്യാസ്ത്രീകള്‍ക്ക് മേല്‍ ചുമത്തിയത്. പിന്നീട് രണ്ടാമത്തെ എഫ്ഐആറില്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചെന്ന കുറ്റവും ചുമത്തിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം. ഭാരതം ആരു ഭരിച്ചാലും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള നാടാണ്. അത് സംരക്ഷിക്കപ്പെടണം. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളെ നിയന്ത്രിക്കണം. പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച എംപിമാരോട് നന്ദി പറയുന്നു. ക്രൈസ്തവര്‍ക്കും ഭാരതത്തില്‍ സ്വാതന്ത്ര്യത്തോടെ കഴിയണം. അറസ്റ്റിലായ കന്യാസ്ത്രീമാരെ എത്രയും വേഗം മോചിപ്പിക്കുകയും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കുകയും വേണം.കേരളത്തില്‍നിന്നുള്ള എംപിമാരോട്, ബിജെപി എംപിയോട് അടക്കം സംസാരിക്കുകയും വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
Be the first to comment