തൃശൂര്‍ അതിരൂപതാ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍:മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനും തൃശൂർ അതിരൂപതയുടെ മെത്രാപ്പൊലീത്തയും ആയിരുന്ന മാർ ജേക്കബ് തൂങ്കുഴി വിടവാങ്ങി. 94-ാ മത്തെ വയസിലാണ് ബിഷപ്പ് കാലം ചെയ്തത്. കാലഘട്ടത്തിൻ്റെ സ്പന്ദനങ്ങളെ വായിച്ചറിയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തിരുന്ന ഒരു ദീർഘദർശിയായിരുന്നു അദ്ദേഹമെന്ന് സിറോ മലബാർ സഭ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

പാലാ രൂപതയിലെ വിളക്കുമാടം, തൂങ്കുഴി കുര്യൻ – റോസ ദമ്പതികളുടെ മകനായി 1930 ഡിസംബർ 13-നാണ് ചാക്കോ എന്ന ബിഷപ്പ് ജേക്കബ് തൂങ്കുഴി ജനിച്ചത്. തുടർന്ന് വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു. തിയോളജി പഠന കാലയളവിലാണ് തലശേരി രൂപത രൂപം കൊണ്ടത്. പുതിയ രൂപതയിലേക്കുള്ള വള്ളോപ്പിള്ളി പിതാവിൻ്റെ ക്ഷണം സ്വീകരിച്ച അദ്ദേഹം പിന്നീട് റോമിലേക്ക് തുടർപഠനത്തിനായി അയക്കപെടുകയും അവിടെവച്ച് 1956 ഡിസംബർ 22-ന് പുരോഹിതനായി അഭിഷിക്തനായി. പൗരോഹിത്യസ്വീകരണത്തിനു ശേഷം പിന്നീട് നാലു വർഷം കൂടി റോമിൽ പഠനം തുടരുകയും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തുടർന്ന് വള്ളോപ്പള്ളി പിതാവിൻ്റെ സെക്രട്ടറിയും തലശേരി രൂപതയുടെ ചാൻസലറും ആയി ചുമതലയേറ്റു. അതോടൊപ്പം തലശേരി രൂപതയിലെ കുണ്ടുതോട് എന്ന ഇടവകയുടെ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.

മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാൻ

1973 മെയ് മാസം ഒന്നാം തീയതിയാണ് മലബാറിൽ മാനന്തവാടി രൂപത സ്ഥാപിതമാകുന്നത്. രൂപതയുടെ പ്രഥമ മെത്രാനായി അഭിഷിക്തനായത് തൂങ്കുഴി പിതാവായിരുന്നു. തൻ്റെ ലാളിത്യവും പ്രവർത്തനമികവും കൊണ്ട് മാനന്തവാടി രൂപതയെ പടുത്തുയർത്താൻ അദ്ദേഹം പരിശ്രമിച്ചു. കുടിയേറ്റ ജനതയുടെ വിശ്വാസജീവിതത്തിന് അടിത്തറ പാകിയത് പിതാവിൻ്റെ അജപാലനമികവും പ്രാർഥനയുമായിരുന്നു. വയനാടിൻ്റെ വികസനത്തിന് ഒട്ടേറെ സംഭാവനകളാണ് ഈ കാലയളവിൽ അദ്ദേഹം നൽകിയത്. കുടിയേറ്റ ജനതയെ സ്വയം പര്യാപ്തരാക്കുന്നതിന് നിരവധി കർമ പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.

1977-ലാണ് ക്രിസ്തുദാസി സന്യാസ സഭയ്ക്ക് തൂങ്കുഴി പിതാവ് തുടക്കം കുറിക്കുന്നത്. നിലവിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വ്യത്യസ്‌തങ്ങളായ മിഷൻ പ്രവർത്തനങ്ങൾ ക്രിസ്തുദാസി സന്യാസ സഭ നടത്തിവരുന്നു.

മാനന്തവാടി രൂപതയിലെ അജപാലന ശുശ്രൂഷക്കു ശേഷം താമരശേരി രൂപതാധ്യക്ഷനായി നിയമിതനായി. അവിടെ നിന്നും പിന്നീട് തൃശൂർ അതിരൂപതയുടെ ആർച്ചുബിഷപ്പായി അഭിഷിക്തനായി. വൈദിക പരിശീലനത്തെ കാലോചിതമായി പരിഷ്കരിക്കുകയും മനുഷ്യോന്മുഖവും ജീവിതഗന്ധിയുമാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ ജില്ലയിലെ മുളയത്തു സ്ഥാപിച്ച മേരി മാതാ മേജർ സെമിനാരി മാർ ജേക്കബ് തൂംകുഴിയുടെ നേതൃപാടവത്തിൻ്റെ മകുടോദാഹരണമാണ്.

2007 ജനുവരി 22-നായിരുന്നു തൃശൂർ അതിരൂപതയുടെ മെത്രപ്പൊലീത്ത ചുമതലയിൽനിന്ന് വിരമിച്ചത്. 2023 മെയ് ഒന്നിനാണ് പിതാവിൻ്റെ മെത്രാഭിഷേകത്തിൻ്റെ അൻപതാം വാർഷികം ആഘോഷിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*