രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജപ്പാനിലേക്കുള്ള കയറ്റുമതി വീണ്ടും ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജപ്പാനിലേക്കുള്ള കയറ്റുമതി വീണ്ടും ആരംഭിച്ചു. ഇന്ത്യയില്‍ നിര്‍മ്മിച്ച എസ് യുവി മോഡല്‍ ഫ്രോങ്ക്‌സ് ആണ് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ആദ്യ ഘട്ടമായി 1600 വാഹനങ്ങളാണ് ഗുജറാത്തിലെ പിപാവാവ് തുറമുഖത്ത് നിന്ന് കപ്പലില്‍ കയറ്റിയത്.

മാരുതിയുടെ മറ്റൊരു മോഡലായ ബലേനോയാണ് ഇതിന് മുന്‍പ് ജപ്പാനിലേക്ക് കയറ്റി അയച്ചത്. 2016ലാണ് ബലേനോ ജപ്പാനിലേക്ക് കയറ്റുമതി ചെയ്തത്. ആദ്യമായാണ് മാരുതി സുസുക്കി ജപ്പാനിലേക്ക് എസ് യുവി കയറ്റി അയച്ചത്. ഈ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ജപ്പാനില്‍ ഫ്രോങ്ക്‌സ് വില്‍പ്പനയ്ക്ക് എത്തും.

ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫ്രോങ്ക്‌സ് രൂപകല്‍പ്പന ചെയ്തത്. ഇന്ത്യയില്‍, കാറിന് രണ്ട് എന്‍ജിന്‍ ഓപ്ഷനുകളുണ്ട്. 89 ബിഎച്ച്പിയും 113 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 99 ബിഎച്ച്പിയും 148 എന്‍എമ്മും പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനുമാണ് ആ രണ്ടു ഓപ്ഷനുകള്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5- സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ യാത്രാവാഹന കയറ്റുമതിക്കാരാണ് മാരുതി സുസുക്കി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 2.8 ലക്ഷം കാറുകളാണ് 100 ലധികം രാജ്യങ്ങളിലേക്ക് അയച്ചത്. യാത്രാ വാഹനങ്ങളുടെ കയറ്റുമതിയില്‍ കമ്പനിക്ക് 42% വിഹിതമുണ്ട്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ മാരുതി 70,560 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*