വിക്ടോറിന്റെ കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പതിപ്പ് പുറത്തിറക്കാനൊരുങ്ങി മാരുതി സുസുക്കി. നിലവിൽ മൂന്ന് എഞ്ചിൻ ഓപ്ഷനിൽ വാഹനം വിപണിയിൽ ലഭ്യമാണ്. ഇതിന് പുറമേയാണ് കംപ്രസ്ഡ് ബയോഗ്യാസ് എഞ്ചിൻ കൂടി അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നത്. ജപ്പാൻ മൊബിലിറ്റി ഷോയിൽ ഈ പതിപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 30 മുതലാണ് ജപ്പൻ മൊബിലിറ്റി ഷോ നടക്കുന്നത്.
സിഎൻജി മോഡലിന് സമാനമായ മെക്കാനിക്കൽ സംവിധാനത്തിലാണ് സിബിജി പതിപ്പും ഒരുങ്ങുക. സിഎൻജി മോഡലിൽ ഉപയോഗിക്കുന്ന 87 എച്ച്പി, 121.5 എൻഎം, 1.5 ലീറ്റർ ഫോർ സിലിണ്ടർ എൻജിനാണ് സിബിജി മോഡലിലും ഉപയോഗിക്കുക. ജൈവ അവശിഷ്ടങ്ങൾ, മുനിസിപ്പൽ മാലിന്യങ്ങൾ തുടങ്ങിയ ജൈവ മാലിന്യങ്ങളിൽ നിന്നാണ് സിബിജി വരുന്നത്. പത്ത് പശുക്കളിൽ നിന്ന് ഒരുദിവസം ലഭിക്കുന്ന ചാണകം ഉപയോഗിച്ച് ഒരു മുഴുവൻ ദിവസം വാഹനം ഓടിക്കാൻ സാധിക്കുമെന്നാണ് മാരുതി സുസുക്കിയുടെ മേധാവി ഹിതാഷി തകൗച്ചി പറയുന്നത്.
മാരുതി സുസുക്കി ഔദ്യോഗികമായി മോഡൽ പുറത്തിറക്കിക്കഴിഞ്ഞാൽ മാത്രമേ വിക്ടോറിസ് സിബിജി വേരിയന്റിന്റെ കൃത്യമായ പ്രകടന കണക്കുകളും മൈലേജും വെളിപ്പെടുത്തൂ. വിക്ടോറിസ് സിബിജിക്കൊപ്പം ഫ്‌ളക്‌സ് ഫ്യുവൽ ഫ്രോങ്‌സും ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി അവതരിപ്പിക്കും.



Be the first to comment