പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റില്‍ വന്‍ മരംകൊള്ള; വ്യാജ റിപ്പോര്‍ട്ടിന്റെ മറവില്‍ ചന്ദനം, തേക്ക്, ഉള്‍പ്പെടെ അമൂല്യ മരങ്ങള്‍ കടത്തി

വനം കൈയ്യേറിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന എസ്റ്റേറ്റ് ഭൂമിയില്‍ വന്‍ മരംകൊള്ള. റബ്ബര്‍ മരങ്ങള്‍ മുറിക്കാന്‍ എന്ന വ്യാജേന കടത്തിയത് മഹാഗണി, തേക്ക്, ഈട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള അമൂല്യ മരങ്ങള്‍. മുന്‍ പാലോട് റേഞ്ച് ഓഫീസറുടെ വ്യാജ റിപ്പോര്‍ട്ടിന്റെ മറവിലാണ് കോടികളുടെ മരംകൊള്ള നടക്കുന്നത്. മരംകൊള്ളയുടെ നിര്‍ണായക ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

1880ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പാലോട് ബ്രൈമൂര്‍ എസ്റ്റേറ്റിന് 900 ഏക്കര്‍ ഭൂമിയാണ് റവന്യൂ വകുപ്പ് പാട്ട വ്യവസ്ഥയില്‍ നല്‍കിയിട്ടുള്ളത്. കൈയേറിയ വനഭൂമി ഉള്‍പ്പെടെ എസ്റ്റേറ്റിന്റെ കൈവശം 1000 ഏക്കറിലധികം ഭൂമി ഉള്ളതായാണ് വനം വകുപ്പിന്റെ നിഗമനം. വനം വകുപ്പിന്റെ തടസവാദം പരിഗണിച്ച് ‘വനം, റവന്യൂ വകുപ്പുകള്‍ സംയുക്ത സര്‍വേ നടത്തി എസ്റ്റേറ്റിന്റെ ഭൂമി കൃത്യമായി തിട്ടപ്പെടുത്തിയശേഷം മാത്രമേ കരം സ്വീകരിക്കാന്‍ കഴിയൂ’ എന്ന് വ്യക്തമാക്കി 2021മുതല്‍ റവന്യൂ വകുപ്പ് എസ്റ്റേറ്റിന്റെ കരം സ്വീകരിക്കുന്നില്ല. അതിനിടെ പെന്‍ഷന്‍ ആകാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ മുന്‍ പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീഷ് കുമാര്‍ ഈ എസ്റ്റേറ്റ് സര്‍വ്വേ നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ‘ബ്രൈമൂര്‍ എസ്റ്റേറ്റില്‍ വനം കൈയേറ്റം ഇല്ല’ എന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ഡി.എഫ്.ഒക്കും പകര്‍പ്പ് എസ്റ്റേറ്റിനും നല്‍കി. അതേസമയം, സര്‍വേ നടത്തിയെന്ന് പറയുന്ന തിരുവനന്തപുരം ഡിവിഷണല്‍ ഫോറസ്റ്റ് സര്‍വേയര്‍ തന്നെ സര്‍വേ നടത്തിയിട്ടില്ലെന്നും തനിക്ക് അതിന് അധികാരമില്ലെന്നും സമ്മതിക്കുന്നു

ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ തിരുവനന്തപുരം ഡിഎഫ്ഒക്ക് നല്‍കിയ ഈ വ്യാജ റിപ്പോര്‍ട്ട് കാണിച്ച് ബ്രൈമൂര്‍ എസ്റ്റേറ്റ് മാനേജ്മെന്റ പ്രായം ചെന്ന റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കി പുതിയവ പ്ലാന്റ് ചെയ്യാനുള്ള അനുമതി നേടി. ഈ ഉത്തരവിന്റെ മറവിലാണ് ഏഴോളം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ബ്രൈമൂര്‍ എസ്റ്റേറ്റില്‍ നിന്നും മഹാഗണി, തേക്ക്, ഈട്ടി, ചന്ദനം ഉള്‍പ്പെടെയുള്ള വന്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*