‘ചിന്നക്കനാൽ ഭൂമിയിടപാട്, 2021ൽ ഭൂമി വാങ്ങിയപ്പോൾ അളന്ന് നോക്കിയാണ് വാങ്ങിയത്, അതിൽ ഒരിഞ്ചുപോലും കൂടിയിട്ടില്ല’; മാത്യു കുഴൽനാടൻ എം എൽ എ

ചിന്നക്കനാൽ ഭൂമിയിടപാട് കേസിൽ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിജിലൻസ് ചോദിച്ച കാര്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഏത് അന്വേഷണ ഏജൻസി അന്വേഷിച്ചാലും എനിക്ക് ഒരു പ്രശ്നവുമില്ല.

വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അധിക ഭൂമി കൈവശമുണ്ടോ എന്ന് ചോദിച്ചു. 2021ൽ ഭൂമി വാങ്ങിയപ്പോൾ അളന്ന് നോക്കിയാണ് വാങ്ങിയത്. അതിൽ ഒരിഞ്ചുപോലും കൂടിയിട്ടില്ല. ആധാരത്തിൽ സ്ഥലത്തിൻറെ വില കുറച്ചു കാണിച്ചു എന്നാണ് വിജിലൻസ് പറയുന്നത്. ആധാരത്തിൽ വില കുറച്ചു കാണിച്ചാൽ സ്റ്റാമ്പ് ആക്ട് പ്രകാരം നടപടിയെടുക്കാം. അത് ചെയ്യാതെ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുവെന്ന് വരുത്തിതീർക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

SIR നടപടി കുറച്ചുകൂടി സുതാര്യമാകണം, ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പാടില്ലെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. നിലവിൽ വോട്ടർ പട്ടികയിൽ നിന്നും 24 ലക്ഷം പേർ പുറത്തായി. 19 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 18 ലക്ഷം പേരെ ലോജിക്കൽ പ്രശ്നങ്ങൾ കാരണം മാറ്റി നിർത്തിയിരിക്കുകയാണ്.

ഏതാണ്ട് 60 ലക്ഷം പേരെ ചോദ്യചിഹ്നത്തിൽ നിർത്തിയിരിക്കുകയാണ്. എല്ലാ കാര്യങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് പുറത്തായവരുടെ പട്ടിക തരാൻ ഇതുവരെ ഇലക്ഷൻ കമ്മീഷൻ തയ്യാറായിട്ടില്ല. വോട്ടർമാരുടെ അവകാശം ഇല്ലാതാക്കാൻ ഞങ്ങൾ അനുവദിക്കില്ല. പല ബൂത്തുകളിലും 200ലധികം വോട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*