തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന മനുഷാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതി നൽകിയത്.
മറ്റത്തൂർ പഞ്ചായത്തിൽ ഉണ്ടായ സഖ്യം തെരഞ്ഞത് ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുകയും, കോൺഗ്രസ് സ്ഥാനാർത്ഥിയായി വോട്ട് തേടുകയും ചെയ്തതിനുശേഷം ബിജെപി പിന്തുണ തേടിയത് ജനവഞ്ചന എന്ന പരാതിയിൽ പറയുന്നു.
നാടകീയ നീക്കമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിലെ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. മറ്റത്തൂരിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോൺഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച മുഴുവൻ കോൺഗ്രസ് അംഗങ്ങളും പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയുമായി ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകൾ നേടി കോൺഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. വൈസ് പ്രസിഡണ്ടായി യുഡിഎഫിന്റെ അംഗമായിരുന്ന നൂർജഹാൻ നവാസും വിജയിച്ചു.



Be the first to comment