
കണ്ണൂര്‍: ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാള്‍ക്ക് നല്‍കാനായി ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന് നല്‍കിയ പാര്‍സലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നല്‍കിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്. വ്യാഴാഴ്ച്ചഗള്‍ഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ് പൊതിയെത്തിച്ചത്.
അച്ചാറിന്റെ ചെറിയ പ്‌ളാസ്റ്റിക്ക് ബോട്ടിലില്‍ 02.6 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്‌ളാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു. അയല്‍വാസിയായ ജസീനാണ് മിഥിലാജിന്റെ വീട്ടില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങള്‍ എത്തിച്ചത്. ഗള്‍ഫിലുള്ള വഹീം എന്നയാള്‍ക്ക കൊടുക്കാനായിരുന്നു പാര്‍സല്‍ . ശീലാല്‍ എന്നയാള്‍ തന്നതാണെന്ന് പറയണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. വഹീം ഇക്കാര്യം സൂചിപ്പിച്ചു മിഥിലാജിന് മെസെജും അയച്ചിരുന്നു.
സംഭവ ദിവസം മിഥിലാജ് വീട്ടിലുണ്ടായിരുന്നില്ല. പാര്‍സല്‍ ഭാര്യയെ എല്‍പ്പിച്ച് ജസീന്‍ മടങ്ങി. അച്ചാര്‍ ബോട്ടിലില്‍ സ്റ്റിക്കര്‍ കാണാത്തതിനെ തുടര്‍ന്ന് മിഥിലാജിന്റെ ഭാര്യാപിതാവ് അമീര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിക്കകത്ത് പ്‌ളാസ്റ്റിക് കവറുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചക്കരക്കല്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. ചക്കരക്കല്‍ എസ്.ഐ എന്‍.പി ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിനുള്ളില്‍ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ജസീലിനും ശ്രീലാലിനുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
Be the first to comment