എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണത്തിലാണ് ആശുപത്രിയ്‌ക്കെതിരെ കുടുംബം രംഗത്തെത്തിയത്. പ്രസവശേഷം ആശുപത്രിയില്‍ വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നും അണുബാധയെ തുടര്‍ന്നാണ് മരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു.

എസ്എടി ആശുപത്രിയ്ക്ക് മുന്നില്‍ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം 22നായിരുന്നു എസ്എടി ആശുപത്രിയില്‍ ശിവപ്രിയയുടെ പ്രസവം. പിന്നീട് പനി ബാധിച്ച ശിവപ്രിയയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ ശിവപ്രിയയുടെ മരണം. ശിവപ്രിയയ്ക്ക് എല്ലാ ചികിത്സയും നല്‍കിയെന്നാണ് എസ്എടി ആശുപത്രിയുടെ വിശദീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*