എപ്സ്റ്റീന് ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി. താന്‍ ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. പീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടാണ് താന്‍ ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഒരു തവണ എപ്സ്റ്റീന് മെയില്‍ അയച്ചിരുന്നുവെന്നും മേക്ക് ഇന്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളടക്കം സൂചിപ്പിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. എപ്സ്റ്റീനിന്റെ കുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ത്യാ-അമേരിക്ക വ്യാപാര കരാറില്‍ ലോക്സഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ ട്രംപിന് വിറ്റെന്നും, ലജ്ജാകരമെന്നും രാഹുല്‍ തുറന്നടിച്ചു. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ അംബാനിയുടെയും പേര് അമേരിക്കന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് പുറത്തുവിട്ട രേഖകളിലുണ്ടെന്ന് ബജറ്റ് ചര്‍ച്ചക്കിടെരാഹുല്‍ ആരോപിച്ചു. ഇതോടെയാണ് എപ്സ്റ്റീനിന്റെകുറ്റകൃത്യങ്ങളുമായി തനിക്ക് ബന്ധമില്ലെന്ന സ്വീകരണവുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി രംഗത്തുവന്നത്.
ഏഴു ദിവസത്തെ സഭ സ്തംഭനത്തിനുശേഷം ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയില്‍ സംസാരിക്കാന്‍ ലഭിച്ച അവസരം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കൃത്യമായി വിനിയോഗിച്ചു. ഇതിനെക്കുറിച്ച് രണ്ടുവരി മാത്രം പറഞ്ഞ രാഹുല്‍, ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത ഭാഷയില്‍ സംസാരിക്കുകയായിരുന്നു. കരാര്‍ പൂര്‍ണമായ കീഴടങ്ങലാണെന്നും രാജ്യത്തിന്റെ ഭാവിയെ പണയപ്പെടുത്തിയെന്നും ഭാരത മാതാവിനെ വില്ക്കാന് ലജ്ജയില്ലേ എന്നും രാഹുല്‍ ചോദിച്ചു.
യുഎസിലെ കേസ് ലക്ഷ്യം വെച്ചിരിക്കുന്നത് അദാനിയെ അല്ല, പ്രധാനമന്ത്രിയെയെന്നും പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ താന്‍ ഭയം കാണുന്നു എന്നും പറഞ്ഞ രാഹുല്‍ എപ്സ്റ്റീന് ഫയല്‍ വിവാദവും സഭയില്‍ ഉന്നയിക്കുകയായിരുന്നു. രാഹുലിന്റെ പ്രസംഗത്തിനിടെ പലതവണ ചെയറും ഭരണപക്ഷവും ഇടപെട്ടു. അവിശ്വാസ പ്രമേയ നോട്ടീസ് നേരിടുന്ന ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ഇന്നും സഭയില്‍ എത്തിയില്ല.



Be the first to comment