കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണം കൊലപാതകമാണെന്നും സിബിഐ അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം നടത്തും. 8 വര്‍ഷമായിട്ടും കേസില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം വരണമെന്നുമാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസും കുടുംബവും ആവശ്യപ്പെടുന്നത്.
2017 മാര്‍ച്ച് 5 ന് വൈകുന്നേരം കലൂര്‍ പള്ളിയില്‍ നിന്നും കാണാതായ മിഷേലിനെ പിറ്റേന്ന് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് വീഴ്ച വരുത്തിയതു മൂലം നിയമസഭയില്‍ അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ യോഗം നടത്തുന്നത്. കഴിഞ്ഞ എട്ട് വര്‍ഷവും ചരമവാര്‍ഷിക ദിനത്തില്‍ പ്രതിഷേധ യോഗം നടത്താറുണ്ട്. മിഷേലിന്റെ ദുരൂഹ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയുള്ളൂവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് സഭ.
മിഷേലിന്റെ മൃതദേഹം സംസ്‌കരിച്ച ഇടവക പള്ളിയായ മുളക്കുളം കര്‍മ്മേല്‍ക്കുന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 9.30 ന് മിഷേല്‍ അനുസ്മരണവും പ്രതിഷേധ യോഗവും നടക്കും. ഓര്‍ത്തഡോക്‌സ് സഭ ട്രസ്റ്റി റോണി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ജോസ് തോമസ് അധ്യക്ഷത വഹിക്കും.
പള്ളി ട്രസ്റ്റി തോമസ് മല്ലിപ്പുറം, സെക്രട്ടറി ജോസഫ് ജോര്‍ജ്, ഓര്‍ത്തഡോക്‌സ് സഭ യുവജന പ്രസ്ഥാനം സെക്രട്ടറി ജേക്കബ് തമ്പി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു മല്ലിപ്പുറം എന്നിവര്‍ സംസാരിക്കും.



Be the first to comment