
ഡോര്‍ട്ട്മുണ്ട്: ഇംഗ്ലണ്ടിനെ ചരിത്രത്തില്‍ അടയാളപ്പെടുത്താനുള്ള സമയമാണിതെന്ന് മധ്യനിര താരം കോബി മൈനൂ. യൂറോ കപ്പില്‍ നെതര്‍ലാന്‍ഡ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി ഫൈനലിലെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നത്. കഴിഞ്ഞ തവണത്തെ യൂറോ ഫൈനലില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരമാണിത്. നെതര്‍ലാന്‍ഡ്‌സിനെതിരായ വിജയത്തിന് ശേഷം ടീമിന്റെ പ്രകടനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇംഗ്ലീഷ് മധ്യനിരതാരം കോബി മൈനൂ.
‘ചരിത്രത്തില്‍ നമ്മളെ അടയാളപ്പെടുത്താനുള്ള സമയമാണിത്. മധ്യനിരയില്‍ മത്സരം ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. രണ്ടാം പകുതിയില്‍ അതിന്റെ മൂര്‍ച്ച കൂട്ടേണ്ടിവന്നുവെന്ന് എനിക്ക് തോന്നുന്നു. കഠിനകരമായ കാര്യമായിരുന്നെങ്കിലും മുഴുവന്‍ സ്‌ക്വാഡും സഹായത്തിനുണ്ടായിരുന്നു. ബെഞ്ചിലായിരുന്ന കോള്‍ പാമറുടെയും ഒലി വാട്കിന്‍സിന്‍റെയും ഇംപാക്ട് എടുത്തുപറയണം, എന്തൊരു ഫിനിഷായിരുന്നു അത്’, മൈനൂ കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ഇംഗ്ലണ്ട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം ഉറപ്പിച്ചത്. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ സാവി സൈമണ്‍സിലൂടെ ഡച്ചുപട മുന്നിലെത്തി. 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. 90-ാം മിനിറ്റിലാണ് വിജയഗോള്‍ പിറക്കുന്നത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറക്കിയ ഒലി വാട്കിന്‍സാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍ നേടിയത്. ഞായറാഴ്ച നടക്കുന്ന കലാശപ്പോരില്‍ ഇംഗ്ലണ്ട് സ്‌പെയിനിനെ നേരിടും.
Be the first to comment