ഹൈദരാബാദ്: ഇന്ത്യയിൽ പാസഞ്ചർ കാറുകളുടെ മൈലേജ് പരിശോധനയിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹന നിർമാതാക്കൾ എയർ കണ്ടീഷനിങ് സംവിധാനം ഓണാക്കിയും ഓഫാക്കിയും മൈലേജ് പരിശോധന നടത്തണമെന്നാണ് പുതിയ നിർദ്ദേശം. 2026 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ വിൽക്കുന്ന പാസഞ്ചർ കാറുകൾ കർശനമായ ഇന്ധനക്ഷമതാ പരിശോധനാ ചട്ടങ്ങൾ പാലിക്കണമെന്നാണ് നിർദ്ദേശം.
നിലവിൽ കാറുകളുടെ മൈലേജ് എസി സ്വിച്ച് ഓഫ് ചെയ്‌താണ് ചെയ്യുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ കരട് ഭേദഗതി പ്രകാരം, പ്രാദേശികമായി നിർമ്മിച്ചതോ ഇറക്കുമതി ചെയ്‌തതോ ആയ കാറുകൾ ഉൾപ്പെടെ എല്ലാ M1 വിഭാഗ വാഹനങ്ങളും, എസി ഓണാക്കിയും ഇന്ധന പരിശോധനയ്‌ക്ക് വിധേയമാക്കും. വാഹന ഉപയോക്താക്കൾക്ക് ലഭിക്കുന്ന മൈലേജും നിർമാതാക്കൾ അവകാശപ്പെടുന്ന ഇന്ധനക്ഷമത നിരക്കുകളും തമ്മിലുള്ള അന്തരം ഇല്ലാതാക്കുക എന്നതാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുതിയ നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നിർദ്ദേശത്തിന് പിന്നിലെ കാരണം?
എസി ഉപയോഗിക്കുന്നത് കാറിന്‍റെ ഇന്ധന ഉപയോഗം വർധിപ്പിക്കുന്നതിന് കാരണമാകാറുണ്ട്. ഇന്ത്യൻ കാലാവസ്ഥയിൽ മിക്ക സമയത്തും കാറിൽ യാത്ര ചെയ്യുമ്പോൾ എസി ഓൺ ആക്കണമെന്നതിനാൽ ഇത് മൈലേജ് കുറയ്‌ക്കും. അതിനാൽ ഉപയോക്താക്കൾക്ക് ദൈനംദിന യാത്രയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്ന യഥാർത്ഥ മൈലേജ് ലഭിച്ചെന്ന് വരില്ല. അതിനാലാണ് എയർ കണ്ടീഷനിങ് ഓണാക്കി കൊണ്ട് മൈലേജ് അളക്കുന്ന രീതിയിലേക്ക് കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തുന്നത്.
വാഹനത്തിന്‍റെ ഇന്ധനക്ഷമതാ കണക്കുകൾ ദൈനംദിന ഡ്രൈവിങ് സാഹചര്യങ്ങളെ കൂടുതൽ കൃത്യമായി പ്രതിഫലിപ്പിക്കുന്നതാകണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യൻ കാലാവസ്ഥയിൽ മിക്ക കാർ ഉടമകൾക്കും പതിവായി എയർ കണ്ടീഷനിങ് ഉപയോഗിക്കേണ്ടിവരുന്നതിനാൽ, സർട്ടിഫിക്കേഷൻ പരിശോധനയ്ക്കിടെ എസി ഓണാക്കി പരിശോധനയ്‌ക്ക് വിധേയമാകുന്നത് അവഗണിക്കാനാവില്ലെന്നും പറയുന്നു.
അതേസമയം, കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. നിയമങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് എതിർപ്പുകളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ 30 ദിവസത്തെ സമയം നൽകും.
നിലവിൽ ഇന്ധനക്ഷമത അളക്കുന്നത് എങ്ങനെ?
നിലവിൽ, ഇന്ത്യയിലെ കാർ നിർമ്മാതാക്കൾ എസി പ്രവർത്തിപ്പിക്കാതെ നടത്തുന്ന പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കൾക്ക് ഇന്ധനക്ഷമത കണക്കുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ രീതി യൂറോപ്യൻ പരിശോധനാ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. എന്നാൽ ഇന്ത്യൻ കാലാവസ്ഥ പരിഗണിക്കുമ്പോൾ, ദൈനംദിന യാത്രകളിൽ പോലും ഉപയോക്താക്കൾക്ക് എസി ഉപയോഗിക്കേണ്ടതായി വരും. അതിനാൽ തന്നെ കമ്പനി അവകാശപ്പെടുന്ന മൈലേജ് വാഹനം ഉപയോഗിക്കുമ്പോൾ ലഭിക്കുന്നില്ല.



Be the first to comment