
പാൽവില കൂട്ടുന്നതിൽ തീരുമാനം ആയിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി. ഓണം വരെ പാൽ വില കൂട്ടില്ല. ഓണത്തിന് ശേഷം വീണ്ടും ബോർഡ് ചേരുമെന്ന് ചെയർമാൻ അറിയിച്ചു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിച്ചേ മുന്നോട്ടു പോകൂവെന്നും കെ എസ് മണി പറഞ്ഞു. വിദഗ്ധസമിതി റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്ന് കെ എസ് മണി പറഞ്ഞു.
അവസാനം ചേർന്ന മിൽമ ബോർഡ് യോഗത്തിൽ പാൽ വില കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പാൽവില 60 രൂപയാക്കണമെന്നായിരുന്നു ശുപാർശ ചെയ്തിരുന്നത്. തുടർന്നായിരുന്നു ബോർഡ് യോഗം ചേർന്നിരുന്നത്. ഈ യോഗത്തിൽ ഉടനെ പാൽ വില വർധിപ്പിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. 10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
Be the first to comment