തൃശൂര്‍: വാളയാറിൽ അതിഥി തൊഴിലാളിയുടെ ആള്‍ക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ടതിൽ സര്‍ക്കാര്‍ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. തൃശൂരില്‍ ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കുറ്റക്കാരെ ഒരാളെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു.
കൊല്ലപ്പെട്ട രാം നാരായണിന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. അതിനു വേണ്ട ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഇതിനായി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തില്‍ തിരിച്ചയക്കും. പ്രതികള്‍ക്കെതിരെ എസ് സി, എസ് ടി വകുപ്പുകള്‍ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിനെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ സഹായധനം കൈമാറും. പണം കുടുംബത്തിന് തന്നെ എത്തും എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് പണം കൈമാറുകയെന്നും മന്ത്രി കെ രാജൻ പറഞ്ഞു.



Be the first to comment