മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ  

കൊല്ലം: മദ്യപിച്ചതിന്റെ പേരില്‍ ഒരാളെ ബസില്‍ കയറ്റാതിരിക്കാന്‍ കഴിയില്ലെന്ന് ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ് കുമാർ. എന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാല്‍ അത്തരക്കാരെ അടുത്ത പോലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഇതിന് ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുകവലിച്ചത് ചോദ്യം ചെയ്തതിന് 19 കാരിയെ വര്‍ക്കലയില്‍ വെച്ച് മദ്യപന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

രണ്ടെണ്ണം അടിച്ചാല്‍ അവിടെ മിണ്ടാതിരുന്നോളണം. അവിടെയിരുന്ന് യാത്ര ചെയ്യുന്നതിന് ഒരു വിരോധവുമില്ല. രണ്ടെണ്ണം അടിച്ചിട്ട് അടിത്തിരുന്ന സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്നവരുടെ തോളിലോട്ട് കിടന്നുറങ്ങുക ഇതൊക്കെ വന്നാല്‍ കണ്ടക്ടറോട് വിവരം പറയുക. കണ്ടക്ടര്‍ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടും. വേറെ കുഴപ്പമൊന്നുമില്ല.

മദ്യപിച്ചു എന്നതിന്റെ പേരില്‍ ഇറക്കി വിടുകയൊന്നുമില്ല. എന്നാല്‍ ബഹളം വെക്കുക, കണ്ടക്ടറെ ചീത്ത പറയുക തുടങ്ങിയവ ഉണ്ടായാല്‍ ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അവര്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു.

മദ്യപിച്ച് കയറിയയാള്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടതിനെത്തുടര്‍ന്ന് പരിക്കേറ്റ 19 കാരിയുടെ നില ഗുരുതരമായി തുടരുകയാണ്. യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. പുകവലിച്ചു കൊണ്ട് അടുത്തെത്തിയ ആളോട് മാറി നിന്നില്ലെങ്കില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതിനായിരുന്നു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് ചവിട്ടി വീഴ്ത്തിയത്. ട്രെയിനുകളിലും മദ്യപന്മാരെ പിടികൂടാന്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*