മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദുമേനോന്റെ ആരോപണത്തിൽ എൽഡിഎഫിൽ ചർച്ചകൾ മുറുകുകയാണ്. മന്ത്രിക്കെതിരെ ഉയർന്ന പരാതി ഗുരുതര സ്വഭാവമുള്ളതാണെന്നാണ് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ എൽഡിഎഫിനെ അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ഇത്തരം ഒരു പരാതി നേരിടുന്ന മന്ത്രിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് മുന്നണിയ്ക്കുള്ളിൽ ഉയരുന്നത്. മന്ത്രി ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റിനിർത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു. എൽഡിഎഫ് നേതൃത്വം സംസാരിച്ചപ്പോഴാണ് സിപിഐ നിലപാട് അറിയിച്ചത്.
അതേസമയം, ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് മുൻപായി ഗണേഷ്‌കുമാറുമായി മുഖ്യമന്ത്രി സംസാരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പുറത്തുവന്ന പരാതി സർക്കാരിന്റെ പ്രതിഛായയെ ബാധിക്കാൻ സാധ്യതയുളളതിനാൽ മുഖ്യമന്ത്രി ഗണേഷ്കുമാറിനോട് രാജി ആവശ്യപ്പെട്ടേക്കും.
മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോകളിലേക്ക് ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മന്ത്രിയുടെ രാജി പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം.
എന്നാൽ ഗണേഷ്കുമാറിനെതിരായ പരാതികളിൽ പൊലീസ് കേസെടുക്കില്ല. പകരം ഭാര്യ ബിന്ദു മേനോൻ നേരിട്ട് പരാതി നൽകിയാൽ മാത്രം അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. കേട്ടുകേൾവി പരാതിയിൽ കേസെടുത്താൽ നിൽക്കില്ലെന്നാണ് പൊലീസ് വാദം. കയ്യേറ്റം നടന്നതിനെ കുറിച്ചോ ഗാർഹിക പീഡനത്തിലോ ബിന്ദു മേനോൻ നേരിട്ട് പരാതിയുമായി എത്തിയാൽ കേസെടുക്കാമെന്നാണ് പൊലീസ് നിലപാട്.
കുടുംബ വഴക്കാണെന്ന് മന്ത്രിയുടെ ഭാര്യയടക്കം പറഞ്ഞു. മന്ത്രിയുടെ വസതിയിൽ നിന്ന് കൺട്രോൾ റൂമിലേക്ക് കോളുകൾ വന്നയുടൻ തന്നെ എത്തിയിരുന്നു. 20 മിനിറ്റിലേറെ വീട്ടിൽ വാളകം പൊലീസും പിങ്ക് പൊലീസും വീട്ടിൽ നിരീക്ഷണം തുടർന്നുവെന്നും 112 ൽ വരുന്ന കോളുകളിൽ കേസെടുക്കാറില്ല എന്നുമാണ് കൊല്ലം റൂറൽ എസ്പി ഡിജിപിയ്ക്ക് നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. മന്ത്രിയുടെ വസതിയിലെത്തിയ പൊലീസുകാർ വെറും കാഴ്ചക്കാരായി മടങ്ങി എന്ന ആരോപണങ്ങൾ ശക്തമാക്കുന്നതിനിടയിലാണ് സംസ്ഥാന പൊലീസ് മേധാവി ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്.



Be the first to comment