വോട്ടുപെട്ടിയിലേക്കൊരു ബജറ്റ് പെട്ടി; ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സ്പെഷ്യൽ ബജറ്റിന്റെ ചേരുവയെന്താകും?

ധനമന്ത്രി കെഎൻ ബാലഗോപാൽ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് വരുന്ന തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടാനുള്ള തുറുപ്പുചീട്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വമ്പൻ പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സാന്പത്തിക വിദഗ്ധർ പറയുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി മറികടക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു. ക്ഷേമ പെൻഷൻ വർധന, റബറിന്റെ താങ്ങുവില വർധന, ദാരിദ്ര്യ നിർമാർജന പദ്ധതികൾ എന്നിവയെല്ലാം ബജറ്റിലുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കാലത്തെ ബജറ്റാണെങ്കിലും സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ആദ്യ ആറ് മാസങ്ങളിലേക്കുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കും.

ക്ഷേമ പെൻഷൻ 2,500 രൂപയാക്കി ഉയർത്തൽ, സ്ത്രീ സുരക്ഷാ പദ്ധതി, യുവാക്കൾക്കുള്ള കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്നിവയുടെ തുക വർധിപ്പിക്കാൻ സാധ്യതയുണ്ട്. വയോജന ക്ഷേമം മുൻ നിർത്തി സിൽവർ എക്കോണമിക്കായുള്ള നടപടികളും ബജറ്റിലുണ്ടാകും. റബറിന്റെ താങ്ങുവില 250 രൂപയാക്കുക, കേവല ദാരിദ്ര്യ നിർമാർജനം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷകളിലുണ്ട്. ശമ്പളക്കമ്മിഷനെ നിയോഗിക്കാതെ കമ്മിറ്റിയെ നിയമിച്ച് 10 മുതൽ 15 വരെ ശതമാനം വരെ ശന്പള വർധന നൽകിയേക്കും. വിരമിച്ചവർക്കായി അഷ്വേഡ് പെൻ പദ്ധതിയും ബജറ്റിലുണ്ടാകും.

പൂർണ്ണമായും ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായ സുരക്ഷിതവും വൃത്തിയുള്ളതുമായ നഗരങ്ങൾ, പുറന്തള്ളൽ രഹിത മൊബിലിറ്റി, മാലിന്യ രഹിത സംവിധാനങ്ങൾ, അപകടരഹിത നിരത്തുകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതവും വൃത്തിയുള്ളതുമായ നഗരങ്ങൾ ‘നവ കേരള’ ആശയത്തിന്റെ സാക്ഷാത്കാരത്തിനുള്ള പദ്ധതികളുമുണ്ടാകും . ഇത് സാക്ഷാത്കരിക്കുന്നതിന്, നഗര വികസന പദ്ധതികളെ ഗതാഗത പദ്ധതികളുമായി യോജിപ്പിച്ച് സംയോജിത- ഏകീകൃത നഗര ഗതാഗത സംവിധാനം കൊണ്ടുവരും.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റവതരണം. കാശില്ലാതെ കയ്യടി നേടാൻ വകുപ്പുണ്ടോയെന്ന് സാമ്പത്തിക വിദഗ്ധരടക്കം ചോദിക്കുന്നുണ്ട്. എന്നാൽ പെരുപ്പിച്ച് കാണിക്കുന്നത് പോലെയുള്ള അമിത ഭാരം ഇല്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. 2023-24ലെ വായ്പകളുടെ 56.29 ശതമാനം ഉപയോഗിച്ചത് മൂലധനച്ചെലവുകൾക്കായാണ്. 2014-15 മുതൽ 2023-24 വർഷ കാലയളവിൽ വിപണി വായ്പകളുടെ വളർച്ചയിൽ കേരളം പതിനെട്ടാം സ്ഥാനത്താണെന്നത് ആശ്വാസമാണ്. നിയന്ത്രിതമായ വായ്പാ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. കൊവിഡ് കാലയളവിലെ കടം സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 38 ശതമാനമായിരുന്നെങ്കിൽ 2024-25 വർഷത്തിൽ 34 ശതമാനമായി കുറഞ്ഞു. ഇതൊക്കെ ജനം കരുതുംപോലെയുള്ള പ്രതിസന്ധിയില്ലെന്ന് സ്ഥാപിക്കാൻ സർക്കാർ ഉപയോഗിക്കുന്നു. 2015-16ലെ 5.26 ലക്ഷം കോടി രൂപയിൽ നിന്ന് 12.49 ലക്ഷം കോടി രൂപയായി ജിഎസ്ഡിപി വർദ്ധിച്ചു, 2024-25ൽ പ്രതിശീർഷ വരുമാനം ഏതാണ്ട് ഇരട്ടിയായെന്നും കണക്കുകൾ പറയുന്നു.

നാളികേരം, നെല്ല് കർഷകർക്കായി പ്രത്യേക പാക്കേജുകളും സബ്സിഡികളും ഉണ്ടായേക്കും. വിലക്കയറ്റം തടയാൻ സപ്ലൈകോ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വില നിയന്ത്രണത്തിന് കൂടുതൽ തുക വകയിരുത്താനും ധനമന്ത്രി തയ്യാറായേക്കും. ‘ലൈഫ് മിഷൻ’ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായി തുക വകയിരുത്തും.

സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തുകയെന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. കേന്ദ്ര സർക്കാരുമായുള്ള ധനവിനിമയ തർക്കങ്ങൾ, കടമെടുപ്പ് പരിധിയിലെ നിയന്ത്രണം, ജി എസ് ടി യിലെ കുറവ് ഈ മട്ടിൽ പ്രതിസന്ധികൾ ഏറെയുണ്ട്. എന്നാലും പ്രതീക്ഷ തരുന്ന ഘടകങ്ങളും ഉണ്ട്. ഉയരുന്ന സംസ്ഥാന വരുമാനം, പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട്, ജി എസ് ടി കുറച്ചിട്ടും വരുമാനത്തിൽ കാര്യമായി ഇടിവ് വരാത്ത സാഹചര്യം എന്നിവയെല്ലാം അനുകൂലമാണ്. കാര്യമെന്തായാലും ബജറ്റ് പെട്ടിയിൽ നിന്ന് വോട്ട് പെട്ടിയിലേക്കുള്ള ദൂരം കുറയ്ക്കുകയെന്നതാണ് ധനമന്ത്രിക്ക് മുന്നിലുള്ള മുഖ്യ വെല്ലുവിളി.

Be the first to comment

Leave a Reply

Your email address will not be published.


*