തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറയാതിരിക്കാനാണ് പ്രഖ്യാപനങ്ങള്‍ ബജറ്റിലല്ലാതെ ഇപ്പോള്‍ പറയുന്നത്, ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ട്: ധനമന്ത്രി ബാലഗോപാല്‍

ക്ഷേമപെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടെ നടപ്പിലാക്കുന്നതില്‍ ധനവകുപ്പിന് നല്ല ആത്മവിശ്വാസമുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ തീരുമാനങ്ങള്‍ക്ക് വലിയ പണച്ചിലവുണ്ടെങ്കിലും നടപ്പിലാക്കുന്ന കാര്യത്തില്‍ വ്യക്തമായ പ്ലാനിങ്ങുണ്ടെന്നും ഒരു മാസക്കാലമായി ഇതുമായി ബന്ധപ്പെട്ട ആലോചനകളിലായിരുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ് പ്രകടന പത്രികയിലുള്ള കാര്യങ്ങള്‍ തന്നെയാണ് നടപ്പിലാക്കുന്നത്. ബഡ്ജറ്റില്‍ ഉള്‍പ്പെടുത്താതെ ഇപ്പോള്‍ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പറയാതിരിക്കാന്‍ വേണ്ടിയാണ്. കൂടാതെ തീരുമാനങ്ങളെല്ലാം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതിനാല്‍ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാനാകുമോ എന്ന ചോദ്യങ്ങള്‍ പലയിടത്തുനിന്നും ഉണ്ടാകുന്നുണ്ടെന്നും ധനവകുപ്പിന് ആത്മവിശ്വാസമുണ്ടെന്നാണ് അതിന്റെ മറുപടിയെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ സര്‍ക്കാരിന്റെ ചിലവ് മുന്‍പുള്ള സര്‍ക്കാരിന്റെ അവസാനത്തേക്കാള്‍ 30000 കോടി ചിലവ് വര്‍ധിച്ചു. വരുമാനം 57000 കോടി വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് പുതിയ പരിഷ്‌കരണങ്ങള്‍ നടപ്പില്‍ വരുന്നത്. ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെ വന്നതിനാലാണ് സര്‍ക്കാരിന്റെ ചെലവ് ഈ വിധത്തില്‍ ഉയര്‍ന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

ക്ഷേമപെന്‍ഷന്‍ 1,600ല്‍ നിന്നും 400 രൂപ കൂട്ടി രണ്ടായിരം രൂപയാക്കി എന്നതുള്‍പ്പെടെയാണ് ഇന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കും. ആശാ വര്‍ക്കേഴ്‌സിന്റെ ഓണറേറിയം പ്രതിമാസം ആയിരം രൂപ കൂട്ടി. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*