
‘കേര’ പദ്ധതിക്കായുള്ള ലോക ബാങ്ക് വായ്പ വക മാറ്റി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പണം ലോക ബാങ്കിൽ നിന്ന് വായ്പയെടുത്തതാണ്. പലിശ നൽകി എടുക്കുന്ന വായ്പയാണ് അല്ലാതെ സഹായമല്ല. ലോക ബാങ്കിന്റേത് ഔദാര്യമല്ലെന്ന് ആദ്യം മനസ്സിലാക്കണമെന്ന് മന്ത്രി പറഞ്ഞു. തുക സർക്കാർ തിരിച്ചടയ്ക്കേണ്ടതാണ്.
ഒരു ഫണ്ടും വക മാറ്റി സർക്കാരിന്റെ ചെലവാക്കാൻ സാധിക്കില്ലെന്നും തുക വക മാറ്റി ചെലവഴിക്കേണ്ട കാര്യം സർക്കാരിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്കൗണ്ടിങ് സംബന്ധിച്ച കാര്യങ്ങൾ സാങ്കേതിക കാരണങ്ങൾ മൂലം സംഭവിച്ച വൈകലാകും. പണം കൃഷി വകുപ്പിന് പോയിട്ടുണ്ടാകുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും നവീകരണത്തിനും വേണ്ടിയാണ് കൃഷിവകുപ്പ് ലോകബാങ്കിന്റെ വായ്പ സ്വീകരിച്ചത്. 2365.5 കോടി രൂപയാണ് കേര എന്ന പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആകെ വായ്പ.
വായ്പാ തുകയിലെ ആദ്യ ഗഡുവായി 139.65 കോടി രൂപ ലോകബാങ്ക് സംസ്ഥാനത്തിന് കൈമാറിയിരുന്നു. കേന്ദ്ര സർക്കാരിന്റെ അക്കൗണ്ടിൽ നിന്ന് മാർച്ച് 20ന് പണം സംസ്ഥാന ട്രഷറിയിൽ എത്തി. എന്നാൽ ഈ തുക ഇതുവരെ പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടില്ല. പണം ലഭിച്ചാൽ 5 ആഴ്ചയ്ക്കകം പദ്ധതിയുടെ അക്കൗണ്ടിലേക്ക് കൈമാറണം എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് പണം മറ്റാവശ്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചത്. സാമ്പത്തിക വർഷത്തിന്റെ അവസാനം ഉണ്ടായ ചെലവുകൾക്ക് വേണ്ടി വായ്പാപ്പണം ഉപയോഗിച്ചെന്നാണ് കരുതുന്നത്. പദ്ധതി പുരോഗതി വിലയിരുത്താൻ മെയ് ആദ്യവാരം ലോക ബാങ്ക് സംഘം കേരളത്തിൽ എത്തുന്നുണ്ട്.
Be the first to comment