‘സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നോക്കുന്നത് ശരിയല്ല’; വെള്ളാപ്പള്ളി വര്‍ഗീയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം: കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നോക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. അത് തുടരാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. എല്‍ഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണ്. അതില്‍ ഹിന്ദുവുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യാനികളുണ്ട്- മന്ത്രി പറഞ്ഞു.

എല്ലാമത വിഭാഗങ്ങളിലും, ജാതിയിലും പ്രയാസങ്ങള്‍ നേരിടുന്നവരുണ്ട്. അതിനെ വര്‍ഗീയമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും വിദ്വേഷ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. വര്‍ഗീയത പറയുന്ന അതേ ആളുകളുടെ വേദിയില്‍ എത്തി പുകഴ്ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

എല്‍ഡിഎഫിന് വര്‍ഗീയതക്ക് എതിരെ ശക്തമായ നിലപാട് ഉണ്ടെന്നും, സാന്ദര്‍ഭികമായാണ് വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പുകഴ്ത്തിയത്. ഒരു സംഗമത്തില്‍ പോയി അവിടെ വരുമ്പോള്‍ അന്ന് ചെയ്ത പ്രവൃത്തിയെക്കുറിച്ചായിരിക്കും സൂചിപ്പിക്കുക. വര്‍ഗീയതയ്‌ക്കെതിരായിട്ട് തന്നെയാണ് മുഖ്യമന്ത്രി നില്‍ക്കുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടവേദിയില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*