അതിദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ക്രെഡിറ്റ് മോദി സര്‍ക്കാരിനെന്ന് ചിലര്‍ പറയുന്നു, ഇന്ത്യ മുഴുവന്‍ ഇത് ചെയ്ത് കാണിക്കൂ: മന്ത്രി എം ബി രാജേഷ്

കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. ക്രെഡിറ്റ് മോദി സര്‍ക്കാരിനാണെന്ന് ചിലര്‍ വാദം ഉയര്‍ത്തുന്നുണ്ടെന്നും അത് പറയുന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ക്കൂടി ഇതെല്ലാം ചെയ്ത് കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഈ നേട്ടത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് വലിയ രീതിയില്‍ വാര്‍ത്തയാക്കുന്നുണ്ടുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ദാരിദ്ര്യനിര്‍മാര്‍ജനത്തിലൂടെ ദരിദ്രരെ ഇല്ലാതാക്കി എന്നതല്ല സര്‍ക്കാരിന്റെ അവകാശവാദമെന്നും വിശദമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അതിദരിദ്രരെ ഇല്ലാതാക്കി എന്നാണ് സര്‍ക്കാര്‍ പറയുന്നതെന്നും മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു. ഇതുവരെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകാത്തവരും തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാത്തവരുമാണ് അതിദരിദ്രര്‍. ഓരോ കുടുംബത്തിന്റേയും അതിദാരിദ്ര്യത്തിന്റെ ഘടകങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാന്‍ മൈക്രോ പ്ലാന്‍ അധിഷ്ഠിതമായിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു.

4677 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ വീട് നല്‍കിയതെന്നും വസ്തുവും വീടും കൊടുത്തത് 2713 കുടുംബങ്ങള്‍ക്കാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നേട്ടത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 16.07.2021ല്‍ വിശദമായ മാര്‍ഗരേഖ പുറത്തിറക്കി. നാലുവര്‍ഷമായിട്ടില്ലാത്ത പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*