‘പിണറായിസത്തിന് അന്ത്യം കുറിക്കും, ഇടതുപക്ഷം 25 സീറ്റിലൊതുങ്ങും’; ബേപ്പൂരിൽ റിയാസിനെ വെല്ലുവിളിച്ച് അൻവർ

കോഴിക്കോട്: ബേപ്പൂരിലെ നിലവിലെ എംഎൽഎയ്ക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ഇപ്പോൾ സീ പ്ലെയിനിലും സ്പീഡ് ബോട്ടിലുമാണ് സഞ്ചരിക്കുന്നതെന്നും പിവി അൻവർ. ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി താൻ മത്സരിക്കുമെന്ന കെപിസിസി പ്രസിഡൻ്റിൻ്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അൻവർ നിലവിലെ എംഎൽഎയ്ക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമയ്ക്കായി മണ്ഡലത്തിൽ നിർമിച്ച മന്ദിരത്തിന് ആകാശ മിഠായി എന്നാണ് പേര് നൽകിയിരിക്കുന്നത്. എന്താണ് ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്നോ എന്താണ് സംഭവമെന്നോ ആർക്കും അറിയില്ല. ഇതിൻ്റെ അർഥം എല്ലാം ആകാശത്താണെന്നാണോ എന്ന് അൻവർ പരിഹസിച്ചു. എംഎൽഎ പരസ്യ സംവാദത്തിന് തയാറാകണം. എങ്കിൽ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ താൻ തയാറാണ്. താൻ ജനങ്ങളെ നേരിട്ട് കാണുന്നതിനും അവരുമായി സംവദിക്കുന്നതിനുമാണ് ഇവിടെ എത്തിയതെന്ന് അൻവർ വ്യക്തമാക്കി.

പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ

ബേപ്പൂരിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർഥി മാത്രമേ വിജയിക്കൂ എന്ന കാര്യത്തിൽ തനിക്ക് യാതൊരു തർക്കവുമില്ല. അവിടെ മത്സരം നടക്കുന്നത് പിണറായിസത്തിനും കുടുംബാധിപത്യത്തിനും ഏകാധിപത്യ രാഷ്ട്രീയത്തിനും എതിരെയാണ്. ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം പിണറായിസത്തിന് അന്ത്യം കുറിക്കുന്നതായിരിക്കും. സംസ്ഥാന സർക്കാർ തുടർന്നുപോരുന്ന ജനവിരുദ്ധവും മതേതരവിരുദ്ധവുമായ നിലപാടുകൾക്കുള്ള സ്വാഭാവിക തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. ഇതിനൊപ്പം മരുമോനിസം എന്ന ഘടകം കൂടി ചേരുമ്പോൾ തെരഞ്ഞെടുപ്പ് കൂടുതൽ ശക്തമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബേപ്പൂരിൽ ഇതുവരെ ഉണ്ടായിരുന്ന പിണറായിസ്റ്റ് ഭരണത്തിന് ഇതോടെ അന്ത്യം കുറിക്കും.

ഇടതുപക്ഷത്തിന് വലിയ മേധാവിത്വമുണ്ടായിരുന്ന മണ്ഡലമാണ് ബേപ്പൂർ എന്ന വാദത്തെയും അൻവർ തള്ളി. കേരളത്തിൽ 99 സീറ്റുള്ള ഇടതുപക്ഷം 25 സീറ്റിലേക്ക് ഒതുങ്ങുമെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 28,000 വോട്ടിൻ്റെ ഭൂരിപക്ഷമൊന്നും വലിയ കാര്യമല്ല. മൂന്ന് ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങൾ വരെ മാറിമറിഞ്ഞ ചരിത്രം കേരളത്തിലുണ്ട്. ജനങ്ങളുടെ മനസ് സർക്കാരിന് എതിരാണെന്നും അതിൻ്റെ കാരണങ്ങൾ മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിയെ തകർത്തു

പിണറായിസം എന്നത് വ്യക്തിയിൽ അധിഷ്ഠിതമായ ഒരു ഭരണ സംവിധാനമാണ്. തമിഴ്നാട്ടിൽ ജയലളിതയോ കരുണാനിധിയോ ഭരിച്ചിരുന്നതുപോലെ ജനാധിപത്യ സംവിധാനത്തെ ഒട്ടും ബഹുമാനിക്കാത്ത ഒരു ശൈലിയാണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. സിപിഎം എന്ന പാർട്ടി ഇപ്പോൾ എവിടെയാണെന്നും പാർട്ടി സെക്രട്ടറി എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. പണ്ട് പാർട്ടിയായിരുന്നു കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതെങ്കിൽ ഇന്ന് പാർട്ടി സംവിധാനം തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിനപ്പുറം സംസാരിക്കാൻ ശേഷിയില്ലാത്തവരായി പാർട്ടി സെക്രട്ടറിമാർ മാറിയിരിക്കുന്നു.

മറ്റു പാർട്ടികൾക്ക് സാമുദായികമോ സാമൂഹികമോ ആയ പിൻബലമുണ്ടെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിൻബലം ആശയവും അതിനുവേണ്ടി ജീവൻ നൽകുന്ന സഖാക്കളുമാണ്. എന്നാൽ ഇന്ന് പാർട്ടിയിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ല. പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന സഖാക്കൾക്ക് വേണ്ടി സംസാരിക്കാൻ ആർക്കും അധികാരമില്ലാതായിരിക്കുന്നു. പാർട്ടിയുടെയും ജനങ്ങളുടെയും വികാരം പ്രതിഫലിപ്പിക്കുന്നതിന് പകരം പിണറായിയുടെയും അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാത്രമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.

തൊഴിലാളികൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന കടലോര മേഖലകളിലൂടെയാണ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ജാഥ കടന്നുപോകുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങളിലെവിടെയും തൊഴിലാളികളെക്കുറിച്ച് ഒരു പരാമർശം പോലും കാണാനില്ല. സർവലോക തൊഴിലാളികളെ സംഘടിക്കുവിൻ എന്ന് മുദ്രാവാക്യം വിളിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഇന്ന് തൊഴിലാളി എന്ന വാക്ക് കേൾക്കുന്നത് തന്നെ അലർജിയായി മാറിയിരിക്കുകയാണെന്നും പിവി അൻവർ കുറ്റപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*