കാസർകോട്: വന്യജീവി ആക്രമണത്തിനിരയായ കർഷകർക്കുള്ള നഷ്‌ടപരിഹാരം വേഗത്തിലാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ. കൃഷി വകുപ്പ് മന്ത്രിയുമായി സംസാരിച്ച് പരിഹാരം നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്നും ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണോ സാമ്പത്തിക ബുദ്ധിമുട്ടാണോ അതിന് കാരണമെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു പ്രതികരണം.
കുരങ്ങ് ശല്യം ലഘൂകരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുതിരാനിലെ കാട്ടാന ശല്യം ആനത്താരയിൽ തുരങ്കപാത വന്നതാണ് പ്രശ്‌നമെന്നും വേലി കെട്ടിയതുകൊണ്ട് മാത്രം പരിഹാരമാകില്ലെന്നും ശാശ്വത പരിഹാരമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. വന്യജീവികളുടെ സഞ്ചാരപാദത്തിന് ദോഷം വരാത്ത രീതിയിലായിരിക്കും ഇതിന് വേണ്ട മാർഗങ്ങൾ തെരഞ്ഞെടുക്കുക. ഇതിനായി വനം വകുപ്പ് ജീവനക്കാരും ഉദ്യോഗസ്ഥരും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഒന്നിടവിട്ട ദിവസങ്ങളിൽ കുതിരാനിൽ ശല്യക്കാരനായെത്തുന്ന കാട്ടാനയെ തുരത്താൻ വനംവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. വയനാട്ടിൽ നിന്നുള്ള പ്രത്യേക നിരീക്ഷണ സംഘമാണ് രാത്രിയിലും ദൃശ്യമാകുന്ന തെർമൽ ഡ്രോൺ ഉപയോഗിച്ച് ആനയെ നിരീക്ഷിക്കുന്നത്. പ്രദേശത്ത് മൂന്ന് കാട്ടാനകളെ നേരത്തെ കണ്ടിരുന്നെങ്കിലും ഇപ്പോൾ മേഖലയെ ഭയപ്പെടുത്തുന്നത് ഒറ്റയാനാണ്. അമ്പതോളം കുടുംബങ്ങളാണ് കാട്ടാനയുടെ സാന്നിധ്യത്തില്‍ ആശങ്കയില്‍ കഴിയുന്നത്.



Be the first to comment