പുനർജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസിന്റെ ശിപാർശ ചെയ്ത വിഷയത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. നിയമപരമായ നടപടികൾ മാത്രമാണ് പ്രതിപക്ഷനേതാവിനെതിരെ സർക്കാർ കൈക്കൊള്ളുക. വിശദാംശങ്ങളിലേക്ക് കടക്കാൻ സമയമായിട്ടില്ലെന്നും മന്ത്രി പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള സ്റ്റണ്ടാണ് ഇതൊക്കെ എന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനും മന്ത്രി മറുപടി പറഞ്ഞു. ടൈമിങ്ങിനെ കുറിച്ച് സംസാരിക്കുന്നത് യുഡിഎഫിന്റെ അനുഭവത്തിൽ നിന്നാണ് ലാവലിൻ കേസിൽ സിബിഐ അന്വേഷണം വേണ്ട എന്ന് ഉമ്മൻചാണ്ടി സർക്കാർ ആദ്യം കോടതിയിൽ പറഞ്ഞിരുന്നു എന്നാൽ പിന്നീട് തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നിലപാട് മാറ്റി സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്യുകയായിരുന്നു ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ടൈമിങ്ങിനെ കുറിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞതെന്നും മന്ത്രി പി രാജീവ് മറുപടി പറഞ്ഞു.
ഒരു വർഷം മുൻപാണ് യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കെ ശിപാർശകളടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നത്. പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതിൽ എഫ്‌സിആർഎ നിയമത്തിന്റെ ലംഘനമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ചതും അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലും നിയമലംഘനമുണ്ട്.
എഫ്.സി.ആർ.എ നിയമം 2010 ലെ സെക്ഷൻ 3 (2) (a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് വിജിലൻസിന്റെ ശിപാർശ. കേരള നിയമസഭയുടെ റൂൾ ഓഫ് പ്രൊസീജിയേഴ്സിലെ അനുബന്ധം 2 ലെ റൂൾ 41 പ്രകാരം നിയമസഭാ സാമാജികൻ എന്ന തരത്തിൽ നടത്തിയ നിയമ ലംഘനത്തിന് സ്പീക്കർ നടപടി സ്വീകരിക്കണമെന്നും വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്. തനിക്കെതിരെ ഏതു അന്വേഷണം നടത്തിയാലും കുഴപ്പമില്ലെന്നും, രാഷ്ട്രീയമായി നേരിടുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.



Be the first to comment