നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. മുഖ്യമന്ത്രിയുമായി സംസാരിച്ചു. നടിക്ക് പൂർണമായി നീതി കിട്ടിയിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. അതിജീവിതയ്ക്കൊപ്പം ഉറച്ചു നിൽക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.പോലീസ് വളരെ ശക്തമായ അന്വേഷണം നടത്തി. അന്വേഷണ സംഘത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. ശരിയായ അന്വേഷണം നടത്തി. പ്രോസിക്യൂഷനും നല്ല രീതിയിൽ പ്രവർത്തിച്ചു. അപ്പീൽ പോകാൻ തന്നെയാണ് തീരുമാനം. വിധിന്യായം വിശദമായ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. ഇവർക്കെതിരെ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്.



Be the first to comment