കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ച സംഭവത്തിൽ ഗവർണറെ വിമർശിച്ച് മന്ത്രി ആർ ബിന്ദു. ഗവർണർക്ക് അമിതാധികാര സ്വേച്ഛാധിപത്യ പ്രവണതയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. രാജ്ഭവന്റേത് വികലമായ സമീപനമാണെന്ന്മന്ത്രി ആർ ബിന്ദു പറഞ്ഞു.
സർവകലാശാലകളിൽ കാവിവൽക്കരണം അജണ്ട നടപ്പാക്കുന്നതിനായിട്ട് താക്കോൽ സ്ഥാനങ്ങളിൽ അത്തരക്കാരെ തിരുകി കയറ്റാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല. സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവ്വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിലാണ് രാജ്ഭവൻ കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ നിർദേശം. പത്ത് വർഷം പ്രൊഫസർ പോസ്റ്റിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.



Be the first to comment