‘മകളെയല്ല, മുഖ്യമന്ത്രിയെ അല്ലേ വിളിക്കേണ്ടത്?; സ്ത്രീകളോട് മാന്യമായി പെരുമാറണം’: മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കില്‍ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യന്ത്രിയുടെ മകളെയല്ല വിളിക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിയെ തന്നെ വിളിച്ച് വിഷയം പറയാമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയം മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് അറിയിച്ചിരുന്നുവെന്ന് ബിന്ദു മേനോന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

സ്ത്രീ സംരക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന സര്‍ക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. നീതിയുക്തമായി നടപടികള്‍ സ്വീകരിക്കുന്ന സമീപനമാണ് സര്‍ക്കാരിനുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ വസ്തുതകള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കാം. സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കുന്ന സമൂഹമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും ആര്‍ ബിന്ദു പറഞ്ഞു.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാതി ആയതിനാല്‍ വിഷയത്തില്‍ മന്ത്രി തന്നെ മറുപടി പറയണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു.വിഷയം കൃത്യമായി മനസ്സിലാക്കിയിട്ടില്ല. ഗണേഷിന്റെ ഭാര്യ പരാതി നല്‍കിയാല്‍ അന്വേഷണം ഉണ്ടാകും. സ്വമേധയാ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടെങ്കില്‍ അത് ചെയ്യും. പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ മന്ത്രിയെന്ന പരിഗണനയുണ്ടാകില്ലെന്നും സതീദേവി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*