ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയും നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാരിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. 2019 മാർച്ച്- ജൂലൈ മാസത്തിലാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലക ശിൽപം കൈമാറ്റം ചെയ്തത്. ഇത് സംബന്ധിച്ചാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുക. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ഇന്ന് തന്നെ അന്വേഷണം ആരംഭിക്കും. ദേവസ്വം വിജിലൻസ് ഇതുവരെ നടത്തിയത് സമഗ്രമായ അന്വേഷണമാണെന്നും മന്ത്രി പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ വെളിപ്പെടുത്തൽ പൊളിഞ്ഞിരുന്നു. ദ്വാരപാലക പീഠം കാണാനില്ലെന്ന് 17 ന് പറഞ്ഞ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് വിജിലൻസ് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ എവിടെയെങ്കിലും സർക്കാരിനെയോ ദേവസ്വത്തെയോ കുറ്റപ്പെടുത്തികൊണ്ട് റിപ്പോർട്ട് വന്നിട്ടില്ല. ഉദ്യോഗസ്ഥ തലത്തിൽ നടന്നിട്ടുള്ള ഈ കൊള്ളയെ സംബന്ധിച്ച് അന്വേഷണം നടത്തി ശബരിമലയിൽ നിന്ന് ഒരുതരി പൊന്ന് നഷ്ട്ടമായിട്ടുണ്ടെങ്കിൽ അത് തിരികെ എത്തിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും സർക്കാരും കോടതിയും ഒരുപോലെയാണ് മുന്നോട്ട് വന്നിട്ടുള്ളത്. ശബരിമലയിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായതായാണ് വിജിലൻസ് കണ്ടെത്തിയിട്ടുള്ളതെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
എ പത്മകുമാറിന്റെ മകനെതിരായ ആരോപണം സർക്കാരിന്റെ മുന്നിൽ വന്നിട്ടില്ല.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ശിപാർശ നൽകിയത് സർക്കാരാണ്. ദേവസ്വം വിജിലൻസ് ബെഞ്ചിൽ സർക്കാരാണ് അന്വേഷണത്തിനായി പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ടത്. ദേവസ്വം ബോർഡിനോ രാഷ്ട്രീയ നേതാക്കൾക്കോ പങ്കില്ല എന്ന് സർക്കാർ പറയുന്നില്ല. പങ്കുണ്ടോ എന്ന് അന്വേഷണസംഘം തെളിയിക്കട്ടെ. കോടതിയുടെ മേൽനോട്ടത്തിൽ ആണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Be the first to comment